സംസ്ഥാന യൂത്ത് ലീഗ് തലപ്പത്തേയ്ക്ക് ആരെത്തുമെന്ന ചര്‍ച്ചകള്‍ മുറുകുകയാണ്. പാണക്കാട് കുടുംബത്തില്‍ നിന്നുള്ള അംഗം തന്നെയാകുമോ അതോ പുറത്ത് നിന്നാര്‍ക്കെങ്കിലും അവസരം നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുനവറലി തങ്ങള്‍ക്ക് പിന്‍ഗാമിയായി മുഈനലി തങ്ങളെ യൂത്ത് ലീഗ് പ്രസിഡന്‍റ് ആക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യത്തില്‍ സമവായമായിട്ടില്ല.
പാണക്കാട് മുനവറലി തങ്ങള്‍ക്ക് പകരക്കാരനായി മുഈനലി തങ്ങളോ. സംഘടനയ്ക്ക് അകത്തും പുറത്തും ചര്‍ച്ചകള്‍ മുറുകുകയാണ്. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ധാരാളം. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ വേണമെന്നാണ് അനുകൂലിക്കുന്നവരുടെ പ്രധാന വാദം. പ്രായപരിധി കഴിഞ്ഞെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. ഒപ്പം മുഈനലി തങ്ങളുടെ പൂര്‍വകാല വിവാദ പ്രസ്താവനകള്‍ സംഘടനയെയും പാര്‍ട്ടിയെയും വെട്ടിലാക്കുമെന്നും വാദമുയരുന്നുണ്ട്.
ഇക്കാര്യത്തില്‍ പാണക്കാട് കുടുംബത്തിനും ആശങ്കയുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ചര്‍ച്ചയിലൂടെ സമവായത്തിലെത്താനാണ് പാണക്കാട് തങ്ങളുടെ നീക്കം. സമവായമായില്ലെങ്കില്‍ പുറത്ത് നിന്നാര്‍ക്കെങ്കിലും അവസരം ലഭിക്കും. അതില്‍ പ്രധാനിയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പദവി ഒഴിഞ്ഞ പി.കെ. നവാസ്. എന്നാല്‍ ഒറ്റപ്പദവി കര്‍ശനമായി നടപ്പാക്കണമെന്ന വാദം ഉയരുന്നതിനാല്‍ നിലവില്‍ എംഎല്‍എ ആയ നവാസിന്‍റെ പേര് വെട്ടിപ്പോകാന്‍ ഇടയുണ്ട്.
നിലവിലെ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂരിന്‍റെ പേരും സജീവ ചര്‍ച്ചയിലുണ്ട്. മുഈനലിയെ പ്രസിഡന്‍റാക്കിയാല്‍ പരിഗണനാപട്ടികയില്‍ നേരത്തെ സൂചിപ്പിച്ചവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കും. അതിന് പുറമേ സി.കെ. നജാഫിന്‍റെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പറഞ്ഞുകേള്‍ക്കുന്നു. നവംബറില്‍ നടക്കുന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലാണ് ഔദ്യോഗിക തീരുമാനം എടുക്കുക.