an-shamseer-interview-cultural-muslim-cpm-kannur-candidate-review-report

കണ്ണൂര്‍ ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുപറ്റി എന്ന സിപിഎം റിവ്യൂ റിപ്പോര്‍ട്ടിലെ പരാമര്‍ശവും താന്‍ മല്‍സരിക്കാതിരുന്നതും തമ്മില്‍ ബന്ധമില്ലെന്ന് മുന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ജില്ലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടായില്ല എന്ന റിവ്യൂ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നിലപാട്. ജാതി–മത സമവാക്യങ്ങള്‍ നോക്കിയല്ല കണ്ണൂരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നും മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷംസീര്‍ പറഞ്ഞു.

സുജിത്: കണ്ണൂരിലെ പട്ടികയില്‍ ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടായില്ല. അതും പാര്‍ട്ടി റിവ്യൂവില്‍ ചൂണ്ടിക്കാണിച്ച കാര്യമാണ്. താങ്കള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. അക്കാര്യവും പാര്‍ട്ടി ശ്രദ്ധിച്ചില്ല. താങ്കളെ ഒഴിവാക്കുമ്പോള്‍. ഒന്നുകില്‍ താങ്കള്‍ക്ക് വീണ്ടും അവസരം നല്‍കണം, അല്ലെങ്കില്‍ അതേ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കണം. അക്കാര്യം പാര്‍ട്ടി വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ല എന്നല്ലേ കരുതേണ്ടത്?

ഷംസീര്‍: കണ്ണൂര്‍ പാനലില്‍ 2011 മുതല്‍ 2016 വരെ മുസ്‍ലിം ഉണ്ടായിട്ടുണ്ടോ? ഇല്ലല്ലോ. 2006–11 ഉണ്ടായിരുന്നോ? ഇല്ലല്ലോ. കണ്ണൂര്‍ പാര്‍ട്ടി അങ്ങനെ ജാതി–മത സമവാക്യങ്ങള്‍ നോക്കി മല്‍സരിപ്പിക്കുന്ന പാര്‍ട്ടി അല്ല. ഞാനൊരു കള്‍ച്ചറല്‍ മുസ്‍ലിം ആണ്. അതിനപ്പുറം പ്രാക്ടീസിങ് ഇല്ല എന്നറിയാമല്ലോ.

സുജിത്: ഞാന്‍ അങ്ങനെ പറഞ്ഞതല്ല. പാര്‍ട്ടി തന്നെ റിവ്യൂവിന്‍റെ ഭാഗമായി ചൂണ്ടിക്കാണിച്ച കാര്യമാണ്.

ഷംസീര്‍: പാര്‍ട്ടി റിവ്യൂവിലെ കണ്ടെത്തലുകളില്‍ പറഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. അതിനര്‍ഥം, ആ രീതിയിലുള്ള നിങ്ങളുടെ വ്യാഖ്യാനം ശരിയാണ് എന്നല്ല. കണ്ണൂരില്‍ ഞങ്ങള്‍ പലപല കാരണങ്ങള്‍ കൊണ്ടും പല സ്ഥാനാര്‍ഥികളെ നിര്‍ത്തി. അതൊക്കെ മികച്ചതായിരുന്നു. അവരൊക്കെ ജയിച്ചുവരാന്‍ പ്രാപ്തരായിരുന്നു എന്നുതന്നെയാണ് നമ്മുടെ വിശ്വാസം. തോറ്റപ്പോ നിങ്ങള്‍ (മാധ്യമങ്ങള്‍) പല കാരണങ്ങള്‍ കണ്ടെത്തും. അങ്ങനെ മാത്രമേ കാണുന്നുള്ളു.

വിശാല സംസ്ഥാനസമിതി യോഗം പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനെ ശാസിച്ചെന്ന വാര്‍ത്തകള്‍ ഷംസീര്‍ തള്ളി. ‘കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനങ്ങള്‍ നേതാക്കള്‍ക്ക് മംഗളപത്രം പാടാനുള്ളതല്ല. നമ്മളെല്ലാം മനുഷ്യരാണ്. നമുക്ക് എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കീഴ്ഘടകങ്ങളിലുള്ള സഖാക്കള്‍ ചൂണ്ടിക്കാണിക്കും. ആ വിമര്‍ശനങ്ങള്‍ കഴമ്പുള്ളതാണെങ്കില്‍, കണ്‍സ്ട്രക്ടീവ് ആയ എല്ലാ വിമര്‍ശനങ്ങളും ഞങ്ങള്‍ സ്വീകരിക്കും. ഡിസ്ട്രക്ടീവ് ആയതെല്ലാം തള്ളും. അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മറ്റുകാര്യങ്ങളൊക്കെ, നിങ്ങള്‍ പറയുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും എനിക്കറിയില്ല.’ – ഷംസീര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുഫലത്തിന്‍റെ കാര്യത്തില്‍ പാര്‍ട്ടി കൂട്ടായാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഏതെങ്കിലും വ്യക്തിയെ കോര്‍ണര്‍ ചെയ്ത് അദ്ദേഹത്തിന്‍റേതാണ് എല്ലാ പോരായ്മയും എന്ന രീതിയിലൊന്നും തീരുമാനമെടുത്തിട്ടില്ല. നേതൃത്വത്തിന് ആകെ പോരായ്മ സംഭവിച്ചിട്ടുണ്ട്. ആ പോരായ്മയുടെ ഉത്തരവാദിത്തം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുകയാണ്. അത് മറികടക്കാനാവശ്യമായ തീരുമാനങ്ങളാണ് കോഴിക്കോട് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

Former Kerala Legislative Assembly Speaker A.N. Shamseer clarified that there is no connection between the CPM review report regarding candidate selection in Kannur and his non-candidacy. Speaking in an exclusive interview with Malayala Manorama Thiruvananthapuram Bureau Chief Sujith Nair, Shamseer described himself as a "cultural Muslim" rather than a practicing one. He asserted that the party in Kannur does not select election candidates based on religious or caste equations. Additionally, he dismissed media reports claiming that CPM State Secretary M.V. Govindan was censured at the state committee meeting, emphasizing that constructive criticism is integral to internal party democracy.