ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്താണ് സ്വര്‍ണനേട്ടം. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണ്.
ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. സ്മൃതി മന്ഥന അർധ സെഞ്ചറി നേടി. ഏഴു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 79 റണ്‍സാണ് സ്മൃതി നേടിയത്. റിച്ച ഘോഷ് 49 റണ്‍സുമെടുത്തു. ഷഫാലി വര്‍മ 48 റണ്‍സെടുത്ത് പുറത്തായി. 10.1 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്. അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെനിന്ന റിച്ച ഘോഷിന്റെ പ്രകടനം സ്കോർ 200 കടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തിലും മത്സരം അനുകൂലമാക്കാന്‍ സാധിച്ചില്ല. 21 പന്തില്‍ 29 റൺസടിച്ച ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. കവിഷ ദിൽഹരി (11), കൗശിനി നുത്യാംഗന (14) എന്നിവരും രണ്ടക്കം കടന്നു. എന്നാല്‍ ഏഴു ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മ മൂന്നുവിക്കറ്റ് വീഴ്ത്തി. ശ്രേയാങ്ക പാട്ടീൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
ട്വന്റി20 ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തേ മലേഷ്യയ്ക്കെതിരെ ഇന്ത്യ 142 റൺസ് വിജയം നേടിയിരുന്നു.