കേരളാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന സിന്‍ഡിക്കറ്റ് ഉപസമിതിയുടെ കരട് നിര്‍ദേശത്തിനെതിരെ പ്രതിപക്ഷം. കരട് തയ്യാറാക്കിയത് എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രതിനിധികളുമുള്ള സമിതിയാണ് എന്നും വസ്തുതയറിയാതെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണമെന്നും സിന്‍ഡിക്കേറ്റ് അംഗം അജയ് ജ്യൂവല്‍ കുര്യാക്കോസ് പറഞ്ഞു.
ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് രൂപീകരിച്ച എട്ടംഗ ഉപസമിതിയാണ് പ്രാഥമിക കരട് തയ്യാറാക്കിത്. വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുതെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശത്തില്‍ സമരമോ ധര്‍ണയോ ഉപരോധമോ പാടില്ലെന്നുമാണ് നിര്‍ദേശങ്ങള്‍. പെരുമാറ്റ ചട്ടലംഘനത്തിന് വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും പിഴ നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തുയർന്നുവന്ന വിദ്യാർഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണിതെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഉപസമിതി നിര്‍ദേശത്തിനെതിരെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
ഉപസമിതി തീരുമാനം പ്രാഥമിക കരട് മാത്രമാണ് പുറത്തുവന്നതെന്നും വിദ്യാര്‍ഥി സംഘടനകളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം മാത്രമേ അന്തിമ കരട് തയ്യാറാക്കൂ എന്നുമാണ് സിന്‍ഡിക്കേറ്റ് അംഗം അജയ് ജ്യൂവല്‍ കുര്യാക്കോസിന്‍റെ മറുപടി. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ അഭിപ്രായം തേടി വൈസ് ചാന്‍സിലര്‍മാര്‍ക്ക് ലോക്ഭവന്‍ കത്തയച്ചു.