വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ കെ.ആർ. വിനോദ് കുമാറിനെതിരെ പൊലീസ് കേസെടുത്തു
മുഖ്യമന്ത്രി വി.ഡി.സതീശനെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ അൻസർ മുഹമ്മദ് നൽകിയ പരാതിയിലാണ് കേസ്. ഫെയ്സ്ബുക്കിൽ കെ.ആർ.വിനോദ് കുമാർ എന്ന അക്കൗണ്ടിൽനിന്ന് സതീശന്റെ രൂപത്തോട് സാദൃശ്യമുള്ള കാർട്ടൂണും വധുവിന്റെ വേഷത്തിലുള്ള രണ്ട് സ്ത്രീകളുടെ ചിത്രങ്ങളും ചേർത്ത് അധിക്ഷേപകരമായ പരാമർശങ്ങളോടെ പോസ്റ്റ് പങ്കുവച്ചതിനാണ് പത്തനംതിട്ട പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സിപിഎമ്മിന്റെ സജീവ സൈബർ പ്രവർത്തകനാണ് കെ.ആർ.വിനോദ് കുമാർ. നിരന്തരമായി വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും ഇടുന്നത് ഇയാളുടെ രീതിയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 'ബാലേട്ടൻ' സിനിമയിലെ പരാമർശങ്ങളോട് കൂട്ടിച്ചേർത്ത് മൂകാംബിക യാത്രയുമായി ബന്ധപ്പെടുത്തിയുള്ള പരിഹാസരൂപേണയുള്ള ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൗൺസിലർ അൻസർ മുഹമ്മദ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് ആരോപണവിധേയമായ ഫെയ്സ്ബുക് അക്കൗണ്ടുകളും പോസ്റ്റുകളും വിശദമായി പരിശോധിക്കുകയും കുറ്റകൃത്യം പ്രാഥമികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ENGLISH SUMMARY:
Pathanamthitta police have registered a case against a CPI(M) cyber activist for allegedly sharing a defamatory social media post targeting Kerala CM V.D. Satheesan. The FIR was lodged following a formal complaint filed by Pathanamthitta Municipal Councillor and Congress leader Ansar Muhammad. The accused, identified as Kaipattoor native K.R. Vinodh Kumar, allegedly shared a cartoon resembling Satheesan paired with derogatory remarks and images on Facebook. Police initiated legal proceedings after conducting a preliminary verification of the reported Facebook account and confirming the offense.