• ടീമിന്‍റെ തലവന് പ്രതിമാസം 78750 രൂപ, രണ്ടാമന് 73500..അങ്ങനെ 12ല്‍ ഒന്‍പത് പേര്‍ക്കും അമ്പതിനായിരത്തിന് മുകളില്‍ മാസം ശമ്പളം. ഇങ്ങനെ നാലു വര്‍ഷം റീലും പോസ്റ്റുമൊക്കെയായി ഈ ടീം സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയുടെ മുഖം മിനുക്കി

പഴ്സനല്‍ സ്റ്റാഫിനെക്കൂടാതെ സര്‍ക്കാരിന്‍റെ മുഖം മിനുക്കാനായി രണ്ടാം പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി സോഷ്യല്‍ മീഡിയാ ടീമിനെയും നിയോഗിച്ചിരുന്നതിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ശമ്പളമായി മാത്രം മൂന്ന് കോടിയിലേറെ രൂപ നല്‍കി. മന്ത്രിമാര്‍ക്കോ പ്രതിപക്ഷ നേതാവിനോ ഇല്ലാത്ത സോഷ്യല്‍ മീഡിയാ ടീം ഉണ്ടായിരുന്നത് പിണറായി വിജയന് മാത്രമെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 

നല്ല മ്യൂസിക്കും പഞ്ച് ഡയലോഗുമൊക്കെയിട്ട് എഡിറ്റ് ചെയ്ത നിരവധി വിഡിയോ പിണറായി വിജയന്‍റെ ഫേസ്ബുക്ക് പേജിലാകെ കാണാം. അങ്ങനെ ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയുമൊക്കെ വിഡിയോകള്‍ ഗംഭീരമാക്കിയത് സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ ഉപയോഗിച്ചാണെന്നാണ് വിവരാവകാശ രേഖ പറയുന്നത്. 

ഒന്നാം സര്‍ക്കാരില്‍ ഇല്ലാത്ത ഭരണപരിഷ്കാരമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ടീം. 2022 മേയില്‍ 12 പേരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചു. ആദ്യം ആറ് മാസത്തേക്കായിരുന്നു നിയമനമെങ്കില്‍ പിന്നീട് ഭരണംപോകും വരെ പി.ആര്‍ ഏജന്‍സിയെ പോലെ  സൈബര്‍ പട തുടര്‍ന്നു. 

നിയമനം കരാര്‍ അടിസ്ഥാനത്തിലാണങ്കിലും ശമ്പളത്തില്‍ ആ കുറവൊന്നും പിണറായി വിജയന്‍ കാണിച്ചില്ല. ടീമിന്‍റെ തലവന് പ്രതിമാസം 78750 രൂപ, രണ്ടാമന് 73500..അങ്ങനെ 12ല്‍ ഒന്‍പത് പേര്‍ക്കും അമ്പതിനായിരത്തിന് മുകളില്‍ മാസം കിട്ടും. ഇങ്ങനെ നാലു വര്‍ഷം റീലും പോസ്റ്റുമൊക്കെയായി ഈ ടീം സോഷ്യല്‍ മീഡിയായില്‍ മുഖ്യമന്ത്രിയുടെ മുഖം മിനുക്കി. ഇവര്‍ക്ക് ശമ്പളം ഇനത്തിലെ ചെലവ് 3,1763010 രൂപ. ഓഫിസ് ഉള്‍പ്പടെ സൗകര്യം ഒരുക്കിയ ചെലവ് കണക്കിലുമില്ല. 30ലേറെ പഴ്സനല്‍ സ്റ്റാഫും വിവരങ്ങള്‍ കൈമാറാന്‍ പി.ആര്‍.ഡി എന്ന വകുപ്പും ഉദ്യോഗസ്ഥ സംവിധാനവുമൊക്കെയുള്ളപ്പോള്‍ ഈ കോടികള്‍ പിണറായി പൊടിച്ചതെന്തിനാണെന്നാണ് ചോദ്യം ഉയരുന്നത്.

ENGLISH SUMMARY:

RTI records reveal that the second Pinarayi Vijayan government spent over ₹3.17 crore exclusively on salaries for a 12-member dedicated social media team. Hired on contract in May 2022, the team managed the Chief Minister's Facebook and Instagram content with polished video edits and promotional posts. Top positions earned monthly salaries of up to ₹78,750, with 9 out of 12 members receiving above ₹50,000. Critics have raised sharp questions over spending public funds on personal digital branding while the government already maintains a vast PRD network and personal staff