സംസ്ഥാനത്ത് പന്ത്രണ്ട് ദിവസത്തിന് ശേഷം രാത്രികാല വൈദ്യുതി നിയന്ത്രണത്തില്‍ ഇന്നലെ കിട്ടിയ ആശ്വാസം ഇന്നും തുടര്‍ന്നേക്കും. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. യൂണിറ്റിന് 30 രൂപ വരെ നല്‍കിയാണെങ്കിലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ എന്‍ടിപിസിയില്‍ നിന്ന് അധികവൈദ്യുതി വാങ്ങും. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഞായറാഴ്ചയിൽ ഉപഭോഗം കുറഞ്ഞതും റിയല്‍ ടൈം മാര്‍ക്കറ്റില്‍ മതിയായ വൈദ്യുതി ലഭിച്ചതുമാണ് പതിമൂന്നാം നാളിലെ പ്രതിസന്ധി ഒഴിയാന്‍ കാരണം. ഇന്നലത്തേതിന് സമാനമായി ഇന്നും വൈദ്യുതി ലഭിച്ചാല്‍ രാത്രികാല നിയന്ത്രണം ഒഴിവാകുന്ന ആശ്വാസത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം ദിവസമാവും. വില്‍ക്കാന്‍ വേണ്ടത്ര വൈദ്യുതിയുള്ള സംസ്ഥാനങ്ങളിലെ വൈദ്യുതോല്‍പാദനം മെച്ചപ്പെട്ടതും ഉപഭോഗം കുറഞ്ഞതും കേരളത്തിന് സഹായകമായി എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
വൈദ്യുതി സ്വയം പര്യാപ്തതയുള്ള സംസ്ഥാനങ്ങളിലേക്ക് നേരിട്ട് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ കെഎസ്ഇബി ഡയറക്ടർമാർ ഇന്ന് ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലെത്തും. കൂടിയ വിലയില്‍ വൈദ്യുതി വാങ്ങുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ സഹായം തേടി കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ട്. പ്രതിദിനം 500–700 മെഗാവാട്ടിന്‍റെ കുറവാണ് സംസ്ഥാനം നേരിടുന്നതെന്നാണ് കെഎസ്ഇബി പറയുന്നത്.