രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയെന്ന് സമ്മതിച്ച് പാർട്ടി നേതൃത്വം. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുറന്നുപറഞ്ഞു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് കെ. മുരളീധരനും പ്രതികരിച്ചു. ഇതിനിടെ, പാളയം പ്രദീപ് തന്റെ അഡീഷണൽ പി.എ ആണെന്ന രമ്യ ഹരിദാസിന്റെ വാദവും ചോദ്യം ചെയ്യപ്പെടുകയാണ്. വിഷയത്തിൽ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷൻ ഇരുവിഭാഗത്തിന്റെയും മൊഴിയെടുക്കൽ തുടങ്ങി. Also Read: പാളയം പ്രദീപ് സ്റ്റാഫല്ല; രമ്യ ഹരിദാസിന്റെ വാദം പൊളിയുന്നു
രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം കടുത്ത നിലപാടിലേക്ക് നീങ്ങിയത്. സംഭവം പാർട്ടിക്ക് എത്രത്തോളം ക്ഷീണമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. കെ. മുരളീധരനും വിഷയത്തിൽ രൂക്ഷമായാണ് പ്രതികരിച്ചത്. അതേസമയം, ആലത്തൂരിൽ തോറ്റതിന് ഉത്തരം കിട്ടിയല്ലോ എന്നായിരുന്നു കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ സമൂഹമാധ്യമ പ്രതികരണം.
രമ്യ ഹരിദാസിന്റെ നടപടിക്കെതിരെ പാർട്ടിക്കുള്ളിൽനിന്നുതന്നെ വിമർശനം ശക്തമാകുന്നതിനിടെയാണ് അവരുടെ വാദങ്ങളിലും വൈരുധ്യങ്ങൾ ഉയരുന്നത്. ആരോപണവിധേയനായ പാളയം പ്രദീപ് തന്റെ അഡീഷണൽ പി.എ ആണെന്നായിരുന്നു രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ എംഎൽഎയുടെ ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ലെന്നാണ് വിവരം. മാത്രമല്ല, എംഎൽഎമാരുടെ ഔദ്യോഗിക സ്റ്റാഫിൽ ‘അഡീഷണൽ പി.എ’ എന്ന തസ്തികയുമില്ല.
മർദ്ദനക്കേസ് അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷൻ ഇതിനിടെ പ്രവർത്തനം തുടങ്ങി. എം.എം. ഹസൻ, നെയ്യാറ്റിൻകര സനൽ, രമണി പി. നായർ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷന്റെ നീക്കം. ലഭിക്കുന്ന വിവരങ്ങൾ പാർട്ടി നേതൃത്വത്തെ ധരിപ്പിക്കുമെന്ന് സജിത്ത് മുട്ടപ്പലവും വ്യക്തമാക്കി.
അതേസമയം, കേസ് അറസ്റ്റിലേക്കും തുടർ നിയമനടപടികളിലേക്കും നീങ്ങാതെ രാഷ്ട്രീയമായി ഒതുക്കിത്തീർക്കാനാണ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് സൂചന. ഔദ്യോഗിക പദവിയില്ലാത്ത പാളയം പ്രദീപിനെ പാർട്ടി പരിപാടികളിൽ ഉൾപ്പെടെ പങ്കെടുപ്പിച്ചതിൽ രമ്യ ഹരിദാസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതും നേതൃത്വം പരിശോധിക്കുന്നുണ്ട്.
കേസുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായും വ്യക്തിപരമായും എംഎൽഎയ്ക്ക് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വ്യക്തിപരമായ വിഷയങ്ങളിലേക്കും പാർട്ടിക്ക് മറുപടി പറയേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇരുവിഭാഗങ്ങളും നൽകിയ പരാതികളിൽ പൊലീസ് ഇതുവരെ കാര്യമായ തുടർനടപടികളിലേക്ക് കടക്കാത്തതും പ്രശ്നം ഒതുക്കിത്തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ എന്ന ചർച്ചയും പാർട്ടിക്കുള്ളിൽ ശക്തമാണ്.
അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും വിഷയത്തിൽ പാർട്ടി അന്തിമ നിലപാട് സ്വീകരിക്കുക.