പ്രതിപക്ഷ ഉപനേതൃ പദവിയിൽ ഉറച്ചുനിൽക്കുകയാണോയെന്ന ചോദ്യത്തിന് അത് ഉറപ്പാണല്ലോ, എപ്പോഴും എപ്പോഴും പറയേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.  തന്നില്ലെങ്കിൽ എന്ത്  ചെയ്യുമെന്ന ചോദ്യത്തിന് അങ്ങനെയൊരു വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് പക്ഷത്തിന്റെ പ്രാധാന്യം സിപിഐക്ക് അറിയാം. പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച നിലപാട് സിപിഎം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിലപാട് പറയാൻ കാത്തിരിക്കുകയാണോ എന്ന ചോദ്യത്തിന് 

ഇത് പ്രണയബന്ധം അല്ല, രാഷ്ട്രീയമാണ് എന്നും ബിനോയ് വിശ്വം മറുപടി നല്‍കി. രാഷ്ട്രീയമായി കണ്ടാൽ പരിഹാരം ഉണ്ടായേ തീരൂ. പിടിവാശി  സിപിഐയ്ക്കുമില്ലാ സിപിഎമ്മിനുമില്ല. രാഷ്ട്രീയം സിപിഐയ്ക്കുണ്ട്, സിപിഎമ്മിനുമുണ്ടാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

 

Also Read: ഉപനേതാവ് പദവിയില്ലെങ്കില്‍ പ്രത്യേക ബ്ലോക്കാകാന്‍ സിപിഐ; വാര്‍ത്ത തള്ളാതെ ബിനോയ് വിശ്വം

 

അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനത്തിന് കാത്തിരിക്കാനാണ് സിപിഐ തീരുമാനം. ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവിൽ തർക്കം ചർച്ചയായില്ല. 

 

പ്രതിപക്ഷ ഉപനേതൃപദവിയിൽ കടുത്ത നിലപാടുകളിലേക്ക് നീങ്ങാനിരുന്ന സിപിഐ തൽക്കാലം കാത്തിരിക്കും. നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗം വരെയാകും ഈ  കാത്തിരിപ്പ്. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം സിപിഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്. എന്നാൽ നിലപാടിൽ പിന്നാക്കം പോകില്ലെന്ന് യോഗശേഷം ബിനോയ്‌ വിശ്വം മനോരമ ന്യൂസിനോട് ആവർത്തിച്ചു. നിയമസഭയിൽ ഒറ്റബ്ലോക്കായി ഇരിക്കുന്നതടക്കം കടുത്ത തീരുമാനങ്ങളാണ് സിപിഐക്ക് മുന്നിലുള്ളത്. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയെ വീണ്ടും നേരിൽകണ്ട് ആവശ്യം ഉന്നയിച്ചേക്കും

 

 

ഉപനേതാവ് പദവിയില്ലെങ്കില്‍ പ്രത്യേക ബ്ലോക്കാകാന്‍ സിപിഐ

 

പ്രതിപക്ഷ ഉപനേതാവ് പദവിയെചൊല്ലി സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന സിപിഐ കടുത്ത തീരുമാനത്തിലേക്ക്. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്ന് ആലോചനകൾ സിപിഐയിൽ സജീവമായി. ഇതോടെ ഇന്ന് ഡൽഹിയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തേക്കും. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ കൂടി പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ പാർട്ടിയുടെ ഭാവി നീക്കങ്ങളും ചർച്ചയാകും.

 

പ്രത്യേക ബ്ലോക്ക് ആകാന്‍ ആലോചനയെന്ന റിപ്പോര്‍ട്ടിനെ തള്ളാതെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെയും പ്രതികരണം. ‘സിപിഐയ്ക്ക് ഇപ്പോള്‍ അറിയില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത് . എല്‍ഡിഎഫിനെ ഹനിക്കുന്ന ഒന്നും സിപിഐ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ടതാണ് ചോദിച്ചതെന്നാണ് സിപിഐ നേതാവ് കെ.രാജന്‍ പ്രതികരിച്ചത്. പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമോയെന്ന് നോക്കാമെന്നും എല്‍ഡിഎഫ് ഭിന്നിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതിപക്ഷ ഉപ നേതാവിന്‍റെ പേര് താൻ എഴുതി നൽകിയാൽ അത് സിപിഎം നേതാവായിരിക്കുമെന്ന പിണറായി വിജയന്‍റെ പരാമർശവും ദേശാഭിമാനി വഴി സി.എൻ.മോഹനനെ ഉപയോഗിച്ച് സിപിഐയെ കടന്നാക്രമിച്ചതും പാർട്ടിയുടെ അഭിമാനത്തിന് അടിയാണെന്നാണ് സിപിഐയിലെ ചർച്ച. പാർട്ടി പത്രം വഴി പോലും സിപിഐയെ പരിഹസിക്കുന്ന സിപിഎമ്മിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നതാണ് സിപിഐ നിലപാട്. അതിനാൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയിട്ടിരിക്കണമെന്ന് തീരുമാനം വന്നാൽ അത് മുന്നണി ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാകും. നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിലും സിപിഐയുടെ നിലപാട് ചർച്ചയാകും.

ENGLISH SUMMARY: