പുതിയ കെ.പി.സി.സി പ്രസിഡന്റ് നിയമനം ഉടനുണ്ടാകില്ലെന്ന വ്യക്തമായ സൂചന നൽകി, പാർട്ടി അധ്യക്ഷ പദവിയും മന്ത്രിസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ തടസ്സമില്ലെന്ന് സണ്ണി ജോസഫ്. കർണാടകയിൽ ഡി.കെ. ശിവകുമാർ ഇരു പദവികളും ഒരുമിച്ച് വിജയിപ്പിച്ച കീഴ്വഴക്കമുണ്ടെന്നും, രണ്ട് ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത് തനിക്ക് ഭാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിൽ പാർട്ടിയിൽ തൽക്കാലം പൊതുസമ്മതി ഉണ്ടാകാത്തതിനാലും, ദേശീയ തലത്തിൽ മറ്റ് മുൻഗണനകൾ ഉള്ളതിനാലും നിലവിലുള്ള ഭാരവാഹികളുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
മന്ത്രിയായ ശേഷം പാർട്ടി സംഘടനാ ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും തൽക്കാലം അദ്ദേഹം അധ്യക്ഷനായി തുടരാനാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മന്ത്രിയുടെ ഓഫീസിൽ മാത്രമല്ല, കെ.പി.സി.സി ആസ്ഥാനത്തും അദ്ദേഹം ദിനംപ്രതി സജീവ സാന്നിധ്യമാകും.
ഇതിന്റെ ഭാഗമായി വരുന്ന മൂന്നാം തീയതി കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗവും, തുടർന്ന് കെ.പി.സി.സി നേതൃയോഗവും ഭാരവാഹി യോഗവും വിളിച്ചുചേർക്കും. മറ്റ് വർക്കിംഗ് പ്രസിഡന്റുമാരുമായി ചേർന്ന് വിവിധ ജില്ലകളിൽ പര്യടനം നടത്താനും തീരുമാനമായിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പുനഃസംഘടനയും നീറ്റ് (NEET) വിഷയം അടക്കമുള്ള ദേശീയ തലത്തിലെ പ്രക്ഷോഭങ്ങളും മുൻനിർത്തി ഹൈക്കമാൻഡിന് മറ്റ് പ്രയോറിറ്റികൾ ഉള്ളതിനാലാണ് കേരളത്തിലെ നേതൃമാറ്റം നീട്ടിവെച്ചത്. അധ്യക്ഷൻ എന്ന നിലയിൽ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് കെ.പി.സി.സി രൂപം നൽകുന്നത്. പ്രത്യേകിച്ച്, പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ ഒഴിവാക്കിയ വിഷയത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികൾ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.