ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ യു.ഡി.എഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പി.വി. അൻവർ വീണ്ടും രംഗത്ത്. തിരഞ്ഞെടുപ്പിൽ ബേപ്പൂരിലെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ തനിക്ക് വലിയ രീതിയിൽ വോട്ട് കുറഞ്ഞെന്നും, തിരഞ്ഞെടുപ്പിനു ശേഷം വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ തന്നെ വോട്ട് ചോർച്ചയും അപകടവും ബോധ്യപ്പെട്ടിരുന്നുവെന്നും അൻവർ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തോൽവിയെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഉറപ്പിച്ചതായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയര്‍ന്ന ചില വെളിപ്പെടുത്തലുകളും വിമർശനങ്ങളുമാണ് കാര്യങ്ങൾ പരസ്യമായി പറയാൻ തന്നെ നിർബന്ധിതനാക്കിയതെന്നും അദ്ദേഹം കുറിച്ചു.
Also Read: 'ബേപ്പൂരില്‍ സ്ഥാനാര്‍ഥിത്വം പിഴച്ചു'; പി.വി.അന്‍വറിനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്
റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് താൻ സംഘടിപ്പിക്കാമെന്നും നമുക്ക് ജയിക്കാനുള്ള വോട്ട് നിങ്ങളായി സംഘടിപ്പിക്കണമെന്നുമാണ് രസകരമായി യു.ഡി.എഫ് നേതൃത്വത്തോട് പറഞ്ഞിരുന്നതെന്ന് എന്ന് അൻവർ വ്യക്തമാക്കുന്നു. 'വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ഫറോക്ക് നഗരസഭ, രാമനാട്ടുകര നഗരസഭ, ചെറുവണ്ണൂർ, നല്ലളം മേഖലകളിൽ നിന്ന് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായി. ബേപ്പൂരിലും കടലുണ്ടിയിലും വോട്ട് ചോർന്നുവെങ്കിലും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വോട്ടിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് അത് പുറത്തേക്ക് പ്രത്യക്ഷത്തിൽ കാണാതിരുന്നത്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നെല്ലാം വോട്ടുകൾ കൃത്യമായി ലഭിച്ചപ്പോൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വോട്ട് കുത്തനെ കുറയുകയാണ് ചെയ്തത്', അന്‍വര്‍ പറഞ്ഞു.
'ബേപ്പൂരിലെ എൽ.ഡി.എഫ് ലീഡ് 5,000ത്തിലേക്ക് ചുരുക്കാൻ സാധിച്ചാൽ ബാക്കി കാര്യങ്ങൾ നോക്കാമെന്നാണ് യു.ഡി.എഫ് നിയോജക മണ്ഡലം നേതൃത്വം മുൻപ് ഉറപ്പുനൽകിയിരുന്നത്. എന്നാൽ യു.ഡി.എഫ് ഭരിക്കുന്ന ഫറോക്കിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച ലീഡ് ഉണ്ടാക്കാൻ സാധിച്ചില്ല. പ്രചാരണത്തിനായി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ടും വോട്ടർമാർക്ക് വിതരണം ചെയ്യാത്ത നോട്ടീസുകളും പലയിടത്തും ഒട്ടിക്കപ്പെടാത്ത പോസ്റ്ററുകളും ഏറെ വേദനിപ്പിച്ചു. മത്സരരംഗത്ത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നും പോരാട്ടം നയിക്കേണ്ട മുഴുവൻ ഉത്തരവാദിത്വവും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു', അൻവർ കുറ്റപ്പെടുത്തി.
വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിലെ 215 ബൂത്തുകളിലെയും വിശദമായ കണക്കുകളും വോട്ട് ചോർന്ന കേന്ദ്രങ്ങൾ, സാഹചര്യങ്ങൾ എന്നിവയും പുറത്തുവിടുമെന്ന് വ്യക്തമാക്കിയാണ് അൻവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.