പറയാനുള്ളത് ഇനിയും പറയുമെന്ന് എസ്എൻഡിപി യോഗം ജനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വളച്ചൊടിച്ചുപറയാനറിയില്ല. മുസ്ലീങ്ങളെ അല്ല, മുസ്ലിം ലീഗിനെയാണ് താന്‍ പറഞ്ഞത്. മലപ്പുറത്ത് ഒരാവശ്യം വന്നാല്‍ ചട്ടവും നിയമവും ഉണ്ടാകുന്നു. തന്നെ വിമര്‍ശിച്ചതിന് ശക്തി പോരെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സ്പീക്കറുമായി എ.എന്‍ ഷംസീര്‍ പറയുന്നത് പിണറായി വിജയനുള്ള കുത്താണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എ.എൻ.ഷംസീറിന് ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന വിവാദമായിരുന്നു. പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. വർഗീയതയ്ക്ക് വളംവയ്ക്കുന്ന പ്രസ്‌താവനയാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകളോടു ശക്തമായി പ്രതികരിക്കാതിരുന്നത് വീഴ്ചയായിപ്പോയെന്നു നിയമസഭാ തിരഞ്ഞെടുപ്പു തോൽവിക്കുശേഷം സ്വയംവിമർശനപരമായി സിപിഎം വിലയിരുത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് സമീപകാലത്തെ പ്രതികരണം.
എ.എൻ.ഷംസീർ ആരാണ് എന്നു തീരുമാനിക്കേണ്ടതു വെള്ളാപ്പള്ളി നടേശനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. ഷംസീർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. എംഎൽഎയും സ്‌പീക്കറുമായ ആളാണ്. ഷംസീർ കമ്യൂണിസ്‌റ്റുകാരനല്ല, ലീഗുകാരനാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശം തള്ളി ഗോവിന്ദൻ പറഞ്ഞു.