udf-government-formation-uncertainty-kpcc
  • ജനപ്രതിനിധികളെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കുമ്പോള്‍ ഒരാള്‍ക്ക് ഒരു പദവി വേണമെന്നാണ് മുല്ലപ്പള്ളിയുടെ വാദം.

ഓണാവധി കഴിഞ്ഞതോടെ കെ.പി.സി.സി അധ്യക്ഷ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് ജനപ്രതിനിധികളെ മാറ്റിനിര്‍ത്താന്‍ മാനദണ്ഡങ്ങള്‍ വയ്ക്കുന്നത് പ്രായോഗികമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് മനോരമന്യൂസിനോട് പറഞ്ഞു. അതേസമയം, മുഴുനീളെ പ്രസിഡന്റ് വേണമെന്ന ആവശ്യം പരസ്യമാക്കിയ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഒരാള്‍ക്ക് ഒരു പദവി മതിയെന്ന് വ്യക്തമാക്കി. 

കെ.പി.സി.സി അധ്യക്ഷനെ നിയമിക്കാനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുന്ന പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ജനപ്രതിനിധികളെ മാറ്റിനിര്‍ത്താനുള്ള മാനദണ്ഡങ്ങള്‍ നടപ്പാക്കാനാവില്ലെന്നാണ് പദവിയില്‍ നോട്ടമിട്ടിരിക്കുന്ന കൊടിക്കുന്നില്‍ സുരേഷിന്റെ വാദം. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഇടതും വലതും ഇരിക്കുന്ന എം.പിമാരായ ഗൗരവ് ഗൊഗോയും മാണികം ടാഗോറും പി.സി.സി അധ്യക്ഷന്മാരാണെന്നത കാര്യവും പ്രതിരോധവുമായി ഉയര്‍ത്തുന്നുണ്ട്.

മാനദണ്ഡങ്ങള്‍ വേണ്ടെന്ന അഭിപ്രായം കൊടിക്കുന്നില്‍ പരസ്യമാക്കുമ്പോള്‍, ഒരാള്‍ക്ക് ഒരുപദവി മതിയെന്ന് വ്യക്തമാക്കുകയാണ് മുന്‍ അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറച്ച് മാസങ്ങളായി കോണ്‍ഗ്രസ് നിര്‍ജീവ അവ്സ്ഥയിലാണെന്ന വിമര്‍ശനവും മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്നുണ്ടായി.  മാനദണ്ഡങ്ങള്‍ വേണമെന്നും വേണ്ടെന്നും അഭിപ്രായം ഉയരുമ്പോള്‍ എംപിമാരായ കൊടിക്കുന്നില്‍, ബെന്നി ബഹ്നാന്‍, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവരാണ് ജനപ്രതിനിധികളെന്ന് നിലയില്‍ പദവിയില്‍ ഉറ്റുനോക്കുന്നത്. ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കിയാല്‍ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ കെ.സി.ജോസഫും ജോസഫ് വാഴക്കനുമുണ്ട്. 

ENGLISH SUMMARY:

Discussions regarding the new KPCC president have intensified following the Onam holidays as high-command considerations begin. Kodikunnil Suresh argued that excluding elected representatives from the post is impractical, pointing to similar party structures in other states. Conversely, former president Mullappally Ramachandran insisted on the 'one person, one post' rule while criticizing the party's recent inactivity. Several MPs and an MLA, including Benny Behanan, Shafi Parambil, Anto Antony, and Mathew Kuzhalnadan, are reportedly eyeing the top position.