പാർട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും തിരഞ്ഞെടുപ്പ് തോൽവി വിശദീകരിക്കാൻ സിപിഎം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ തന്നെ നേരിട്ടെത്തി രണ്ടിടങ്ങളിലും വിശദീകരണം നൽകും. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണത്തിലും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തിലും നിലപാട് എങ്ങനെ വിശദീകരിക്കും എന്നതിലാണ് ആകാംക്ഷ.
ഒരിക്കലും കുലുങ്ങാത്ത ചുവന്ന കോട്ടകളിൽ സിപിഎം ഏറ്റുവാങ്ങിയ കനത്ത തിരിച്ചടിക്ക് സംസ്ഥാനത്ത് ഒട്ടാകെയാണ് പാർട്ടി നാണംകെട്ടത്. തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്ത് തിരുത്തൽ നടപടികളിലേക്ക് കടന്ന സിപിഎം അതിന്‍റെ ഭാഗമായാണ് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. തളിപ്പറമ്പിലും പയ്യന്നൂരും പിണറായി തന്നെ അണികൾക്ക് മുന്നിൽ വിശദീകരണവുമായി പ്രസംഗിക്കും. നാളെ മുതൽ മൂന്നുദിവസം തളിപ്പറമ്പ് പയ്യന്നൂർ മണ്ഡലങ്ങളിലെ വിവിധ ഇടങ്ങളിൽ പിണറായി പൊതുയോഗങ്ങളിൽ പങ്കെടുക്കും.
തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ആദ്യം എതിർപ്പുയർന്ന മയ്യിലിൽ ആണ് ഒരു പരിപാടി. യുഡിഎഫ് ട്രെൻഡ് മാത്രമല്ല, തളിപ്പറമ്പിലും പയ്യന്നൂരും പാർട്ടി കേഡറുകളിൽ വിള്ളൽ ഉണ്ടായി എന്നത് സിപിഎമ്മിന് ബോധ്യപ്പെട്ടു എന്നതിന് തെളിവാണ് പാർട്ടിയിലെ കരുത്തുറ്റ നേതാവിനെ തന്നെ വിശദീകരണ ദൗത്യം ഏൽപ്പിച്ചതിലൂടെ വ്യക്തമാകുന്നത്.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ കൃത്യമായ മറുപടി നൽകാൻ മാസങ്ങൾക്കിപ്പുറവും സിപിഎമ്മിന് കഴിയാത്തത് വലിയ തിരിച്ചടിയായി നിലനിൽക്കുന്നത് കുഞ്ഞികൃഷ്ണന്‍റെ വിശ്വാസ്യത കൂട്ടുകയാണ്. കണക്ക് പുറത്തുവിടണമെന്ന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം പറയുമ്പോൾ മറുഭാഗം അതിനു തയ്യാറാകാതെ നിൽക്കുന്നത് വെട്ടിപ്പ് നടന്നുവെന്ന കുഞ്ഞികൃഷ്ണന്‍റെ വാദത്തിന് ബലം നൽകുന്നുണ്ട്. രാഷ്ട്രീയ പോരാട്ടം കുഞ്ഞികൃഷ്ണൻ തുടരുന്നത് സിപിഎമ്മിന് തലവേദന ഇരട്ടിയാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പിണറായിയുടെ പയ്യന്നൂരിലെ വാക്കുകൾ ഏറെ ശ്രദ്ധേയമാകും. തളിപ്പറമ്പിനേക്കാൾ ഏറെ പയ്യന്നൂരിൽ സങ്കീർണ സാഹചര്യമാണെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. കടുത്ത അഴിച്ചുപണികൾ പയ്യന്നൂരിലെ പാർട്ടിക്കുള്ളിൽ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.