റയില്‍വേ ബോര്‍ഡ് അതിര്‍ത്തി പുനര്‍നിർണയിച്ചതിലൂടെ പാലക്കാട് ഡിവിഷനു നഷ്ടമാകുക വര്‍ഷത്തില്‍ 1600 ല്‍ ഏറെ കോടി. കഴിഞ്ഞ വര്‍ഷം മാത്രം പനമ്പൂരിലെ ഗുഡ്സ് ടെര്‍മിനലുകളില്‍ നിന്നുമാത്രം ലഭിച്ചത് 637 കോടി രൂപയാണ്. ടിക്കറ്റ് – ടിക്കറ്റ് ഇതര വരുമാനമാവട്ടെ 1136 കോടി രൂപയും. അതിനിടെ പുനര്‍ നിര്‍ണയത്തിലെ ജനാഭിപ്രായം സംബന്ധിച്ചു റെയില്‍വേ ബോര്‍ഡ് പാലക്കാട് ഡിവിഷനോടു റിപ്പോര്‍ട്ട് തേടി.
പാലക്കാട് ഡിവിഷന്‍റെ നട്ടെല്ലാണ് മംഗളുരു. തുറമുഖം, പനമ്പൂരിലെ കോള്‍ ടെര്‍മിനല്‍, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ടെര്‍മിനല്‍, മംഗളുരു കെമിക്കല്‍ആന്‍ഡ് ഫെര്‍ടിലൈസര്‍ തുടങ്ങിയവയാണ് പണം വാരികള്‍. ഇക്കാരണത്താലായിരുന്നു ഡിവിഷന്‍റെ ഫ്രൈറ്റ് ഓപ്പറേഷന്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് പനമ്പൂരില്‍ നിര്‍മിച്ചത്. കഴിഞ്ഞ കൊല്ലം കോള്‍ ടെര്‍മിനലില്‍ നിന്നുമാത്രം 387.85 കോടിയാണു വരുമാനം. അദാനിയുടെ കൈവശമുള്ള ഉഡുപ്പിയെ താപനിലയത്തിലേക്ക് ഇന്ധനമെത്തിച്ച വകയില്‍ 64 കോടി രൂപയും ചരക്ക് കടത്തുകൂലിയായി കിട്ടി. അതേ സമയം മംഗളുരു, മംഗളുരു ജംഗ്ഷന്‍, ഉള്ളാള്‍ സ്റ്റേഷനുകളില്‍ നിന്നായി ടിക്കറ്റ് വരുമാനം 195.49 കോടിയാണ്. പരസ്യം അടക്കമുള്ള ടിക്കറ്റിതര വരുമാനം 940 കോടിക്കു മുകളിലാണ്. ഇതെല്ലാമാണ് ഒറ്റയിടിക്ക് ഇല്ലാതാവുന്നത്.
അതേസമയം അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ കേരളത്തിലെ ജനാഭിപ്രായം റയില്‍വേ തേടി. പാലക്കാട് ഡിവിഷനോടാണ് ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും പ്രതികരണം എന്താണന്നു റയില്‍വേ അന്വേഷിച്ചത്. തീരുമാനം തിരുത്താനോ റദ്ദാക്കാനോ ഉള്ള സാഹചര്യം കുറവാണ്. ആശ്വാസ പ്രഖ്യാപനങ്ങളുണ്ടായേക്കും.