ബേപ്പൂര്‍ തിരഞ്ഞെടുപ്പ് വിവാദത്തില്‍ പി.വി. അന്‍വറിനെ കൈവിട്ടു മുസ്ലിം ലീഗും. തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ച ഡി.സി.സി. പ്രസിഡന്‍റിനെതിരെയുണ്ടായ  അന്‍വറിന്‍റെ ആരോപണം അനവസരിത്തിലാണെന്നും യു.ഡി.എഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മായിന്‍ ഹാജി മനോരമ ന്യൂസിനോട് പറഞ്ഞു.

ജയത്തിനു ചുക്കാന്‍ പിടിക്കേണ്ടവര്‍ പിന്നില്‍ നിന്നു കുത്തിയെന്ന അന്‍വറിന്‍റെ പരാമര്‍ശം, പാലുകൊടുത്ത കൈക്കു തന്നെ കൊത്തിയെന്ന വികാരമാണ് യു.ഡി.എഫിലുണ്ടാക്കിയത്. മണ്ഡലത്തില്‍ അപരിചിതനായിരുന്ന അന്‍വറിനു വേണ്ടി രാപകല്‍ വ്യത്യാസമില്ലാതെ യു.ഡി.എഫ് പ്രവര്‍ത്തിച്ചു. പിന്നെ ഇങ്ങനെ ഒരു ആരോപണം എന്തുകൊണ്ടാണെന്നാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മായിന്‍ ഹായിയുടെ ചോദ്യം.

ഫറോക്ക്, രാമനാട്ടുകര മേഖലകളിലെ ലീഗ് കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ന്നുവെന്നത് അന്‍വറിന്‍റെ തോന്നല്‍ മാത്രമാണ്. തിരഞ്ഞെടുപ്പോടെ അന്‍വര്‍ ബേപ്പൂരിനെ ഉപേക്ഷിച്ചു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.എ. മുഹമ്മദ് റിയാസിന്‍റെ വ്യക്തിപ്രഭാവം  നിര്‍ണായകമായിരുന്നുവെന്നും  പാര്‍ട്ടി ചിഹ്നത്തിലായിരുന്നു  മത്സരമെങ്കിലും ഫലത്തില്‍ മാറ്റമുണ്ടാകില്ലായിരുന്നുവെന്നും  മായിന്‍ ഹാജി തറപ്പിച്ചു പറയുന്നു.

ENGLISH SUMMARY:

Beypore election controversy sees Muslim League distancing itself from PV Anvar over his allegations against the DCC President. Muslim League state vice president Maim Haji stated that Anvar's claims of UDF vote leakage are baseless and that the UDF worked tirelessly for him.