ഡിവൈഎഫ്ഐ വനിതാ അധ്യക്ഷ സ്ഥാനത്തെ പരിഹസിച്ച് മന്ത്രി ഒജെ ജനീഷ് നടത്തിയ പ്രസ്‍താവനയ്ക്ക് മറുപടിയുമായി ചിന്താ ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്നായിരുന്നു ചിന്തയുടെ മറുപടി.
ഡിവൈഎഫ്ഐയ്ക്ക് വനിതാ അധ്യക്ഷ വരുന്നത് നല്ല കാര്യമാണെന്നും എന്നാൽ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രവാക്യം വിളിക്കരുത്, അത് ശ്രദ്ധിക്കണം എന്നായിരുന്നു ജനീഷിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അതേ നാണയത്തിൽ തന്നെ ചിന്ത മറുപടി നൽകിയത്.
'യൂത്ത് കോൺഗ്രസ് അധ്യക്ഷനോടാണ്.. എന്ന് തുടങ്ങുന്ന പോസ്റ്റിൽ, താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത കുറിച്ചു. മന്ത്രി എന്ന നിലയിൽ ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുതെന്നും ചിന്ത ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് തങ്ങളുടെ രാഷ്ട്രീയം എന്നും ചിന്ത കൂട്ടിച്ചേർത്തു.