'ഒരു സ്ത്രീ ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് അവളെ നഗ്നയാക്കുന്നു... ഒരു മനുഷ്യശരീരത്തോട് ഇങ്ങനെ പെരുമാറാൻ ആർക്കാണ് അധികാരം?,' ബെംഗളൂരു ജയിലിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ നേരിടുന്ന കിരാതനടപടിയെ കുറിച്ച് സ്നേഹലത തന്‍റെ ഡയറിയില്‍ കുറിച്ച വാചകങ്ങളാണിത്. ഇന്ന് സ്നേഹലത വീണ്ടും ചർച്ചയാവുകയാവുന്നത് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച '1975 മിസ ദ ലാസ്റ്റ് ബ്രത്ത്' എന്ന നാടകത്തിലൂടെയാണ്. എന്നാൽ ചർച്ച ചെയ്യപ്പെടുന്നത് അവർ അനുഭവിച്ച ക്രൂരതകളല്ല, നാടകത്തിൽ വെളിപ്പെട്ട ഏതാനും സ്ത്രീ ശരീരഭാഗങ്ങളാണ്. അടിയന്തരാവസ്ഥകാലത്ത് സ്നേഹലത നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനത്തിന്‍റെ നേര്‍കാഴ്ചയാണ് ആ വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. നാടകത്തിലെ സ്ത്രീശരീരത്തെ മാത്രം ലക്ഷ്യമാക്കി ചര്‍ച്ചകളും പരിഹാസങ്ങളുമുയരുമ്പോള്‍ റദ്ദാക്കപ്പെടുന്നത് സ്നേഹലതയെ പോലെ നിരവധി പോരാളികള്‍ ഉയര്‍ത്തിയ സമരപോരാട്ടം കൂടിയാണ്. അതുകൊണ്ട്, സ്ത്രീശരീരത്തെ മാത്രം ചർച്ച ചെയ്യുന്നവർ ആദ്യം അറിയേണ്ടത് ഒരു കാര്യമാണ്, ആരായിരുന്നു സ്നേഹലത റെഡ്ഡി?
സ്നേഹലത; കലയും രാഷ്ട്രീയവും
ദക്ഷിണേന്ത്യൻ ചലച്ചിത്ര-നാടക നടിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് സ്നേഹലതാ റെഡ്ഡി. 1932-ൽ ആന്ധ്രാപ്രദേശിൽ ജനിച്ച അവർ, ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട കലാകാരിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ഭരണകൂടത്തിനെതിരെ അവര്‍ പരസ്യമായി രംഗത്തുവന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സ്നേഹലതക്കും ഭർത്താവ് പട്ടാഭിരാമ റെഡ്ഡിക്കും അക്കാലത്ത് തൊഴിലാളി നേതാവായിരുന്ന ജോർജ് ഫെർണാണ്ടസുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. സർക്കാർ ഓഫീസുകളും റെയിൽവേ ട്രാക്കുകളും ഡയനാമൈറ്റ് ഉപയോഗിച്ച് തകർക്കാൻ പദ്ധതിയിട്ടു എന്നൊരു ഗൂഡാലോചന കേസ് ജോർജ് ഫെർണാണ്ടസിനെതിരെ ചുമത്തപ്പെട്ടിരുന്നു. അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്ന സ്നേഹലതയേയും കുടുംബത്തേയും1976 മേയ് മാസത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിനിയമമായ 'മിസ' (MISA - Maintenance of Internal Security Act) പ്രകാരമാണ് സ്നേഹലതയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ അന്തിമ കുറ്റപത്രത്തിൽ അവരുടെ പേര് ഇല്ലായിരുന്നിട്ടും എട്ട് മാസത്തോളം ബംഗളൂരു സെൻട്രൽ ജയിലിൽ ക്രൂരമായ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നു.
ഒരാൾക്ക് മാത്രം കഴിയാൻ സൗകര്യമുള്ള ഇടുങ്ങിയ മുറിയിലാണ് അവരെ പാർപ്പിച്ചിരുന്നത്. കുല്‍ദീപ് നെയ്യാര്‍ രചിച്ച 'എമര്‍ജെന്‍സി റീടോള്‍ഡ്' എന്ന പുസ്തകത്തില്‍ സ്നേഹലതയുടെ ജയില്‍ ജീവിതത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. 'പ്രഥാമികാവശ്യങ്ങള്‍ക്കായി ജയില്‍ മുറിയില്‍ മൂലയ്ക്ക് ഒരു ദ്വാരം മാത്രമാണ് ഉണ്ടായിരുന്നത്. ഇരുമ്പുവാതില്‍ കൊണ്ട് ആ ജയിലറ അടച്ചിരുന്നു. തറയിലാണ് സ്നേഹലത ഉറങ്ങിയത്. എട്ടു മാസത്തോളം നീണ്ട ജയിൽവാസത്തിനിടെ കഠിനമായ പീഡനങ്ങൾക്കും പ്രയാസങ്ങൾക്കുമാണ് അവർ ഇരയായത്'.
അടല്‍ ബിഹാരി വാജ്പേയിയേയും ലാല്‍ കൃഷ്ണ അദ്വാനിയേയും പാര്‍പ്പിച്ചിരുന്നത് സ്നേഹലതയുടെ ഏകാന്ത തടവറയ്ക്ക് സമീപത്തായിരുന്നു. ആ തടവറയില്‍ നിന്നും ഇടയ്ക്കിടക്ക് ഒരു സ്ത്രീയുടെ നിലവിളി കേട്ടതായി പിന്നീട് വാജ്പേയിയും അദ്വാനിയും ഓര്‍ത്തെടുക്കുന്നുണ്ട്.
മരണത്തിലേക്ക് തള്ളിയിട്ട ജയില്‍ വാസം
ആസ്ത്മ രോഗിയായിരുന്ന സ്നേഹലതക്ക് അടിയന്തര വൈദ്യസഹായം നൽകാൻ അധികൃതർ തയാറായില്ല. ജയിലിലെ മോശം സാഹചര്യങ്ങൾ മൂലം സ്നേഹലതയുടെ ആസ്ത്മ രോഗം വഷളായി. അവര്‍ക്ക് ശ്വാസകോശ അണുബാധയും പിടിപെട്ടു. എന്നാൽ അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നിഷേധിക്കപ്പെട്ടു. ജയിലില്‍ വച്ച് രണ്ട് തവണ അവര്‍ ആസ്ത്മാറ്റിക് കോമയിലായി. അപ്പോഴും അവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ജയിൽ അധികൃതർ തയ്യാറായില്ല. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 1977 ജനുവരി 15നു സ്നേഹലതക്ക് പരോള്‍ ലഭിച്ചു. എട്ട് മാസത്തെ തടവും പീഡനങ്ങളും തകർത്തെറിഞ്ഞ ശരീരവുമായി അധികനാൾ ജീവിക്കാൻ സ്നേഹലതയ്ക്ക് കഴിഞ്ഞില്ല. പുറത്തിറങ്ങി അഞ്ചാം നാള്‍, ജനുവരി 20നു തന്‍റെ 44–ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവര്‍ അന്തരിച്ചു. ഇന്ന് ആ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന ഒരു നാടകത്തിലെ സ്ത്രീശരീരത്തെക്കുറിച്ച് മാത്രം ചർച്ചകൾ ഉയര്‍ത്തുന്നവര്‍, ആ ശരീരത്തിന് പിന്നിലെ ചരിത്രവും ഓർക്കേണ്ടതുണ്ട്.