File photo
കേരള അധ്യക്ഷസ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടന്‍ ദേവന്‍. വിജയിയുമായി കൂടിക്കാഴ്ച സെപ്റ്റംബര്‍ 10നുണ്ടാകും. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ടി.വി.കെയ്ക്ക് ഒപ്പമുണ്ടാകുമെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദേവൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു പാഞ്ചജന്യം ഭാരതം സാംസ്കാരിക സംഘടന ഏർപ്പെടുത്തിയ അവാർഡ് സമ്മാനിക്കുന്ന കണിച്ചുകുളങ്ങരയിലെ വേദിയിലായില്‍ നാടകീയമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണു രാജിക്കു കാരണമായത്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളാണു തന്റെ രാഷ്ട്രീയമെന്നും ബിജെപിയിൽ ചേർന്നതിനു ശേഷം അതു നടപ്പാക്കാൻ സാധിക്കാത്തതിനാലാണു രാജിയെന്നും ദേവൻ പറഞ്ഞു.
Also read: 'പാര്‍ട്ടി എന്നെ തഴഞ്ഞു; ആറുമാസം ശ്രമിച്ചിട്ടും രാജീവ് ചന്ദ്രശേഖറിനെ ഫോണില്‍ കിട്ടിയില്ല'
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചു. സ്വന്തമായി രൂപികരിച്ച കേരള പീപ്പിൾസ് പാർട്ടി ബി.ജെ.പിയിൽ ലയിപ്പിച്ചിരുന്നു. ഈ പാർട്ടിതന്നെ പുനരുജ്ജീവിപ്പിക്കാനും ആലോചിച്ചു. ഇതിനിടെയാണ്, ടി.വികെയിൽ ചേരാൻ നീക്കം തുടങ്ങിയത്. ടി.വി.കെ. നേതാക്കളുമായി പ്രാഥമികഘട്ട ചർച്ച നടത്തി. കേരളത്തിൽ ടി.വി.കെയെ സജീവമാക്കാനാണ് ശ്രമം. കേരളത്തിലും ടി.വി.കെ ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്ന് നടൻ ദേവൻ പറഞ്ഞു. വിജയിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അന്തിമപ്രഖ്യാപനം നടത്തും.