vd-satheesan-conclave-04
  • എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. യൂറോപ്പിനെ വെല്ലുന്ന മോഡലെന്ന് ആ കേരളത്തെ നമ്മൾ വിശേഷിപ്പിച്ചു. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തിന്റെ വളർച്ച നിശ്ചലാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി

എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. യൂറോപ്പിനെ വെല്ലുന്ന മോഡലെന്ന് ആ കേരളത്തെ നമ്മൾ വിശേഷിപ്പിച്ചു. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തിന്റെ വളർച്ച നിശ്ചലാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടെ പല മേഖലകളും തകർന്നു. ഇന്ന് ‘കേരള മോഡൽ’ എന്നത് വെറും അവകാശവാദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പഴയ തഴമ്പിനെക്കുറിച്ച് പറഞ്ഞ് അഹങ്കരിക്കുകയാണ് നമ്മളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ആറുമാസം കഴിയുമ്പോൾ ഈ സർക്കാർ റിസൾട്ട് ഉണ്ടാക്കുമെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി, എല്ലാം അഡ്ജസ്റ്റ്മെന്റാണെന്നും എന്നാൽ ഇപ്പോഴത്തെ അഡ്ജസ്റ്റ്മെന്റ് അധികം മുന്നോട്ടുപോകില്ലെന്നും പറഞ്ഞു. ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും ജനങ്ങളുടെ നികുതി വർധിപ്പിക്കുകയല്ല, ഖജനാവിൽ നിന്നുള്ള ചോർച്ച തടയുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വളർച്ചയ്ക്കായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും അവയുടെ നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. പദ്ധതികൾ നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കും. പദ്ധതി കൃത്യമായി നടപ്പാക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാക്കും. വീഴ്ച വരുത്തുന്നവർ ഉത്തരവാദികളാകുമെന്നും സതീശൻ പറഞ്ഞു.

കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുമെന്നും അതാണ് ഈ ഗവൺമെന്റിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിനുവേണ്ടി ചെയ്യാനുള്ളത് എന്തായാലും എതിർപ്പുണ്ടായാലും ചെയ്യുമെന്നും മുഖ്യമന്ത്രി വാക്കുനൽകി. കൊച്ചിയിൽ ഓഷ്യനേറിയം നിർമിക്കുമെന്നും സ്വകാര്യ നിക്ഷേപങ്ങൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ നിക്ഷേപവും സ്വകാര്യവൽക്കരണവും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നും ഇതിനായി 27 പ്രോജക്ടുകൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ വിമർശിച്ച അദ്ദേഹം, കേരളത്തിന് വേണ്ടത് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും പറഞ്ഞു. വിമർശനങ്ങളല്ല വിഷയം. ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് വിമർശനവും സംവാദങ്ങളും. എന്നാൽ, അവയിൽനിന്ന് ഫലം ഉണ്ടാകണമെന്നും ആര്‍ക്കും ആവശ്യമില്ലാത്ത സംവാദങ്ങൾ നടത്തി കേരളത്തിന്റെ സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു. Also Read: ‘13കാരിയെ മാത്രം കുറ്റപ്പെടുത്താനാകില്ല; കുട്ടികളെ തിരിച്ചറിയണം, സ്ത്രീകൾക്ക് മോക്ഷം വേണം’


വരാനിരിക്കുന്ന തലമുറയോട് നമുക്ക് ചുമതലയുണ്ടെന്നും അവർക്ക് ഇവിടെ ജീവിക്കാനും തിരിച്ചുവരാനും കഴിയുന്ന കേരളമായിരിക്കണം ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഇവിടെനിന്ന് പോയി ആരുമില്ലാത്ത കേരളമല്ല നമുക്ക് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും കേരളത്തിനായി എല്ലാവരും തോളോടുതോൾ ചേർന്ന് നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വൈകി വന്നതിന് ക്ഷമ ചോദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഒപ്പം, 20 വർഷം പൂർത്തിയാക്കുന്ന മനോരമ ന്യൂസിനും ആശംസകൾ നേരാനും അദ്ദേഹം മറന്നില്ല.

ENGLISH SUMMARY:

Chief Minister V.D. Satheesan said Kerala’s development has remained stagnant in recent years and argued that the state can no longer depend on its past reputation as the “Kerala Model.” He promised visible results within six months, with tighter financial management, time-bound development projects and greater accountability. Satheesan also outlined plans to transform Kerala into a port-oriented state and aviation hub, while encouraging private investment and stressing the need for meaningful public debate.