vinoy-adheela-ramesh-pisharody-2
  • 70 വർഷം പിന്നിടുമ്പോൾ കേരളത്തിൽ എന്തെല്ലാം മാറി, ഇനി മലയാളി എന്തായി മാറും തുടങ്ങിയ ചോദ്യങ്ങളുമായി മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിൽ രമേഷ് പിഷാരടി എംഎൽഎ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, എഴുത്തുകാരൻ വിനോയ് തോമസ് എന്നിവർ ആശയങ്ങൾ പങ്കുവച്ചു.

70 വർഷം പിന്നിടുമ്പോൾ കേരളത്തിൽ എന്തെല്ലാം മാറി, ഇനി മലയാളി എന്തായി മാറും തുടങ്ങിയ ചോദ്യങ്ങളുമായി മനോരമ ന്യൂസ് കോൺക്ലേവിൽ നടന്ന ചർച്ചയിൽ രമേഷ് പിഷാരടി എംഎൽഎ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, എഴുത്തുകാരൻ വിനോയ് തോമസ് എന്നിവർ ആശയങ്ങൾ പങ്കുവച്ചു.

പുതിയ കാലത്ത് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്തതിൽ വേദനയുണ്ടെന്ന് അദീല അബ്ദുല്ല പറഞ്ഞു. കുട്ടികൾ സംസാരിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പോലും പലപ്പോഴും മുതിർന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

കുട്ടികൾ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ നമ്മളും ഉത്തരവാദികളാണെന്ന് അധ്യാപകനും എഴുത്തുകാരനുമായ വിനോയ് തോമസ് പറഞ്ഞു. കൗൺസലിങ്ങിനിടെ പലപ്പോഴും കുട്ടികളിലേക്ക് വിരൽചൂണ്ടുന്ന സമീപനമാണ് ഉണ്ടാകുന്നത്. എന്നാൽ, അടുത്തിടെ വലിയൊരു കുറ്റകൃത്യം നടത്തിയ 13കാരിയുടെ ജീവിതം പരിശോധിച്ചാൽ അവളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിനോയ് പറഞ്ഞു. കുട്ടികളെ തിരിച്ചറിയുന്നില്ല എന്നതാണ് പ്രശ്നമെന്നും അവരുടെ ജീവിതസാഹചര്യങ്ങൾ കൂടി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. Also Read: രാഷ്ട്രീയത്തില്‍ വലിയ പരിണാമമില്ല; സമൂഹം മാറിയ സ്പീഡില്‍ മാനസിക പരിവര്‍ത്തനമില്ല: പിഷാരടി


 

ഇന്നത്തെ കുട്ടികൾക്ക് ബാല്യം നഷ്ടമാകുകയാണെന്നും വിനോയ് തോമസ് പറഞ്ഞു. എട്ടാം ക്ലാസിലെത്തുന്ന കുട്ടിയുടെ പക്വത പലപ്പോഴും കോളജ് വിദ്യാർഥിയുടേതിന് സമാനമാണ്. കുട്ടികളെ വ്യക്തികളായി പരിഗണിക്കണം. കുടുംബത്തിലെ തീരുമാനങ്ങളിൽ അവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും വിനോയ് പറഞ്ഞു.

കേരളത്തിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന ലഭിക്കണമെങ്കിൽ ജെൻസി തലമുറയുടെ വരവ് അനിവാര്യമാണെന്നാണ് അദീല അബ്ദുല്ലയുടെ അഭിപ്രായം. മുൻകാലത്തും ശക്തരായ സ്ത്രീകളുണ്ടായിരുന്നു. എന്നാൽ അന്നുണ്ടായിരുന്ന പല പ്രിവിലേജുകളും ഇന്നും തുടരുന്നുണ്ട്. ജെൻസി തലമുറയ്ക്കിടയിൽ ലിംഗവ്യത്യാസം കുറയുന്നതായി തോന്നുന്നുവെന്നും അദീല പറഞ്ഞു.

70 വർഷത്തിലേക്ക് കടക്കുമ്പോൾ സ്ത്രീകൾക്ക് ‘മോക്ഷം’ വേണമെന്നും അദീല പറഞ്ഞു. വിവാഹമോചന നടപടികൾ കൂടുതൽ ലളിതമാക്കണം. കുട്ടികളെ ഓർത്ത് ടോക്സിക് ബന്ധങ്ങളിൽ തുടരുന്ന സാഹചര്യം ഒഴിവാക്കണം. വിവാഹമോചനവും പുനർവിവാഹവും എളുപ്പമാക്കണം. കോ-പാരന്റിങ് സാധാരണമാക്കുകയും സമൂഹത്തിന്റെ സമീപനം മാറുകയും വേണമെന്നും അദീല വ്യക്തമാക്കി.

കേരളത്തിൽ പലതും മാറിയെങ്കിലും രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നാണ് രമേഷ് പിഷാരടിയുടെ അഭിപ്രായം. എന്നാൽ രാഷ്ട്രീയവും മാറിയിട്ടുണ്ടെന്ന് അദീല അബ്ദുല്ല ചൂണ്ടിക്കാട്ടി.

ജെൻസി തലമുറയുടെ സമരമുറ മാറി. പൗരുഷത്തിന്റെ പ്രതീകമായാണ് മുൻകാലത്ത് രാഷ്ട്രീയം കണക്കാക്കപ്പെട്ടിരുന്നത്. ഇന്ന് കരയുന്ന മന്ത്രിയെയും സമൂഹം അംഗീകരിക്കുന്നു. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനെ ദൗർബല്യമായി കാണാതെ യഥാർഥ മനുഷ്യസഹജതയായി കാണുന്ന സാഹചര്യം ഉണ്ടായെന്നും അദീല പറഞ്ഞു.

രാഷ്ട്രീയം മാറിയില്ലെന്ന പിഷാരടിയുടെ വാദത്തിന് വിനോയ് തോമസും മറുപടി നൽകി. തമാശ പറയുന്ന രമേഷ് പിഷാരടിയെ ബുദ്ധിജീവിയായി കാണില്ലെന്നായിരുന്നു താൻ കരുതിയിരുന്നതെന്ന് വിനോയ് തമാശയായി പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി പുതിയ തലമുറ ആഗ്രഹിക്കുന്ന രാഷ്ട്രീയ സമീപനത്തിന്റെ ഉദാഹരണമാണെന്നും വിനോയ് പറഞ്ഞു.

“പണ്ട് കരഞ്ഞതുകൊണ്ടാണ് ടിവി രാജേഷ് ഔട്ടായത്. ഇന്ന് പൊട്ടിക്കരഞ്ഞാൽ പിഷാരടിക്ക് പത്ത് വോട്ട് അധികം കിട്ടും,” വിനോയ് പറഞ്ഞു. പുതിയ തലമുറ കാര്യങ്ങൾ ‘ലൈവായി’ കാണാനാണ് ഇഷ്ടപ്പെടുന്നത്. നേരിട്ട് കാണുമ്പോഴാണ് കൂടുതൽ സത്യസന്ധത അനുഭവപ്പെടുന്നതെന്നും വിനോയ് കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

Manorama News Conclave 2026 discussion examined children, women, Gen Z and the changing face of Kerala. Adeela Abdulla stressed the need to understand children rather than simply blame them and called for greater freedom and equality for women. Vinoy Thomas said children are losing their childhood and society must understand their circumstances better. The speakers also debated whether Kerala’s politics has evolved and discussed how Gen Z is changing political expression, gender relations and social attitudes.