ഡിവൈഎഫ്ഐയ്ക്കു ആദ്യമായി വനിതാ പ്രസിഡന്‍റ്. ഡോ. ചിന്ത ജെറോമിനെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു. കല്യാശേരി എംഎല്‍എ  എം.വിജിനാണ് സംസ്ഥാന സെക്രട്ടറി. നാലരവര്‍ഷത്തിനു ശേഷം തൃശൂരില്‍ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 

വി.കെ.സനോജും വി.വസീഫും സ്ഥാനമൊഴിഞ്ഞു. തൊണ്ണൂറ്റിരണ്ടംഗ സംസ്ഥാന കമ്മിറ്റി നിലവില്‍വന്നു. ഇരുപത്തിയഞ്ചംഗ സെക്രട്ടേറിയേറ്റംഗങ്ങളേയും തിരഞ്ഞെടുത്തു. പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന കണ്ണൂരിലെ വി.കെ.നിഷാദിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. കള്ളക്കേസാണിതെന്ന് സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പറ‍ഞ്ഞു.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ചിന്ത ജെറോം പിന്നീട് ഡിവൈഎഫ്ഐയുടെ ദേശീയതലത്തില്‍ വരെ പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്. സംസ്ഥാന യുവജന കമ്മിഷന്‍റെ മുന്‍ അധ്യക്ഷയാണ്. അധ്യാപക ദമ്പതികളായ സി.ജെറോമിന്‍റേയും എസ്തറിന്‍റേയും മകളാണ്. 

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് എം.വിജിന്‍. തുടര്‍ച്ചയായി രണ്ടാം തവണയും കല്യാശേരിയില്‍ നിന്ന് ജയിച്ച് നിയമസഭയില്‍ എത്തി. എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചതിന്‍റെ അനുഭവസമ്പത്തുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ട്. മുന്‍ എംഎല്‍എ സച്ചിന്‍ ദേവ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. 

മൂന്നു ദിവസമായി തുടരുന്ന സംസ്ഥാന സമ്മേളനം പൊതുസമ്മേളനത്തോടേയും റാലിയോടേയും സമാപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. 

ENGLISH SUMMARY:

DYFI has elected its first woman president, Dr. Chintha Jerome, marking a significant milestone in the organization's history. This historic decision was announced at the DYFI state conference held in Thrissur after four and a half years.