ബിജെപി സംസ്ഥാന പ്രസിഡന്‍റെ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ഉപാധ്യക്ഷൻ നടൻ ദേവൻ. ഫോണിൽ കിട്ടാൻ ആറുമാസമായി ശ്രമിച്ചിട്ടും നടന്നില്ലെന്ന് ദേവൻ മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്ന് തിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനിറങ്ങിയിട്ടും പാർട്ടി തന്നെ തഴഞ്ഞുവെന്നും രാജിക്കത്ത് ഉടൻ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപി ദേശീയ നേതൃത്വവുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാജിവച്ചുവെന്നത് പെട്ടെന്നുണ്ടായ തീരുമാനമല്ല. ഏതാണ്ട് ഒരുവര്‍ഷമായുള്ള ആലോചനയാണ്. ആശയപരമായ പ്രശ്നമല്ല. നരേന്ദ്രമോദി തന്നെ ഇന്ത്യ ഭരിക്കണമെന്ന ആഗ്രഹക്കാരനാണ്. സീറ്റു കിട്ടാത്തത് എനിക്കൊരു പ്രശ്നമേ അല്ല. രാഷ്ട്രീയത്തിലേക്ക് വന്നത് എംഎല്‍എയോ എംപിയോ മന്ത്രിയോ ആകാനായിട്ടല്ല. തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന തന്ത്രങ്ങളില്‍ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. അത് പ്രകടിപ്പിക്കാന്‍ ഒരു വേദിക്കായി ഞാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമിച്ചിട്ടും അത് സാധിച്ചില്ല. സംസ്ഥാന നേതൃത്വം എന്നെ കേള്‍ക്കാന്‍ തയാറായില്ല. കഴിഞ്ഞ ആറുമാസമായി ശ്രമിച്ചിട്ടും ഒന്നും നടന്നില്ല'. സംസ്ഥാന പ്രസിഡന്‍റ് തന്നെ കേള്‍ക്കാന്‍ തയാറായില്ലെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. പഴയ പാർട്ടി വീണ്ടും പുനരുജ്ജീവിപ്പിക്കുമെന്നും രാജി പ്രഖ്യാപിച്ച ശേഷം നടത്തിയ ആദ്യ പ്രതികരണത്തില്‍ ദേവന്‍ വ്യക്തമാക്കി.