ഇടുക്കിയിലെ മുസ്ലിം ലീഗ് ജില്ലാ ഘടകത്തിൽ ഭിന്നത രൂക്ഷമാകുന്നു. പ്രവർത്തനത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. അടിമാലിയിൽ സമാന്തര പാലിയേറ്റീവ് സംഘടനയും പ്രവർത്തനം തുടങ്ങി.

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെയാണ് ജില്ലയിലെ മുസ്ലിം ലീഗിൽ തമ്മിലടി തുടങ്ങിയത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.എം. സലിം, ജില്ലാ പ്രസിഡന്‍റ് കെ.എം.എ. ഷുക്കൂർ എന്നിവർ നയിക്കുന്ന വിഭാഗത്തിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം കൈപ്പടം, സംസ്ഥാന കൗൺസിൽ അംഗം അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുവിഭാഗം പ്രതിഷേധിച്ചതോടെയാണ് തമ്മിലടി രൂക്ഷമായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്ത് മത്സരിച്ച ഔദ്യോഗിക സ്ഥാനാർഥിയെ തോൽപ്പിക്കാൻ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയെന്ന യൂത്ത് ലീഗിന്‍റെ പരാതിയിൽ ജില്ലാ നേതൃത്വം യാതൊരു നടപടിയുമെടുത്തില്ല. ഇതിൽ വിമർശനം കടുക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ തൊടുപുഴയിലെത്തിയ സംസ്ഥാന വൈസ് പ്രസിഡന്‍റിനെ യൂത്ത് ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. ഇവരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്. 

യുഡിഎഫ് ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് ദേവികുളത്ത് ലീഗിൽ കലാപം തുടങ്ങിയത്. ചെയർമാൻ സ്ഥാനം ലഭിക്കാതിരുന്ന താലൂക്ക് പ്രസിഡന്‍റ് രാജിവച്ചതോടെ പ്രശ്നം പൊട്ടിത്തെറിയിലെത്തി. പോര് തുടരുന്നതിനിടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതാക്കൾ തൊടുപുഴയിലെത്തുമെന്നാണ് സൂചന.