മന്ത്രിമാരുടെ പേഴ്സണല്‍സ്റ്റാഫ് അംഗങ്ങള്‍ എയ്ഡഡ് സ്കൂള്‍നിയമന സെലക്ഷന്‍ സമിതിയില്‍ അംഗങ്ങള്‍. വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത് പൊതു വിദ്യാഭ്യാസ വകുപ്പാണ് . കേട്ടുകേള്‍വിയില്ലാത്ത നടപടിയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
മൂന്നു മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും അഞ്ചുമന്ത്രിമാരുടെ അഡിഷണല്‍പ്രൈവറ്റ് സെക്രട്ടറിമാരുമാണ് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നിയമനങ്ങള്‍ക്കുള്ള സെലക്ഷന്‍ സമിതിയില്‍ കടന്നു കയറിയത്. പൊതുവിദ്യാഭ്യാസം, പട്ടിക ക്ഷേമം, ടൂറിസം വകുപ്പ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരാണ് പാനലില്‍ സര്‍ക്കാര്‍ പ്രതിനിധികളായുള്ളത്. പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത് എക്സൈസ്, വനം , ഫിഷറീസ് വകുപ്പു മന്ത്രിമാരുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരും അംഗങ്ങളായി. ഇവര്‍ സര്‍ക്കാരില്‍ അഡിഷണല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി റാങ്കില്‍ വരുന്നവരാണെന്നു കാണിച്ചാണ് പാനലില്‍ ഉള്‍പ്പെടുത്തിയത്. ആദ്യം ഇറക്കിയ ഉത്തരവ് തിരുത്തിയാണ് മന്ത്രിമാരുടെ പേഴ്സണല്‍സ്റ്റാഫിനെയും കൂടി ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ , സര്‍ക്കാരുദ്യോഗസ്ഥരുടെ പാനലില്‍ നിന്ന് മാനേജര്‍ തിരഞ്ഞെടുക്കുന്ന വ്യക്തി എന്നിവരാണ് സെലക്ഷന്‍പാനലില്‍ വരിക. മന്ത്രിമാരുടെ പേഴ്സണ്‍സ്റ്റാഫിനെ എങ്ങിനെ നിയമനത്തിനുള്ള സെലക്ഷന്‍പാനലില്‍ ഉള്‍പ്പെടുത്താനാവുമെന്ന ചോദ്യമാണ് ഉയരുന്നത്.