ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അനുകൂലമായ കത്തില്‍ വെട്ടിലായി ആഭ്യന്തര വകുപ്പ് . അവധി അപേക്ഷ അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരുക്കുമെന്ന കത്ത് നല്കിയ സാഹചര്യം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. തലസ്ഥാനത്ത് കോണ്‍ഗ്രസ് –ബിജെപി രാഷ്ട്രീയ നാടകമെന്ന് സിപിഐ ആരോപിച്ചു.
തിരുവനന്തപുരം കോര്‍പറേഷനില്‍ കാപ്പ കേസില്‍ പ്രതിയായ ആര്‍ സുഗതന്‍റെ അവധി അപേക്ഷ പരിഗണിക്കുമ്പോള്‍ താരമായത് ഒരു കത്താണ്. മേയര്‍ പലവട്ടം പരാമര്‍ശിച്ച , ഉയര്‍ത്തിക്കാട്ടിയ ആ കത്ത് ആഭ്യന്തര വകുപ്പ് സുഗതന് നല്കിയ മറുപടിക്കത്താണ്. കോര്‍പറേഷന്‍ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എസ്കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന സുഗതന്‍റെ ആവശ്യം നിരസിച്ച ആഭ്യന്തവകുപ്പ് മറുപടി കത്തില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി കടത്തിപ്പറഞ്ഞു.
ജയില്‍ സൂപ്രണ്ട് മുഖേന അവധി അപേക്ഷ നല്കാം. ഈ അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില്‍ താങ്കളുടെ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്ന് കൂടി ആഭ്യന്തര വകുപ്പ് സുഗതനെ ഉപദേശിച്ചു. ഈ കടന്നുപോയ ഉപദേശമാണ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കും ബിജെപിക്കും വീണു കിട്ടിയ വടിയായത്.
കാപ്പാ പ്രതിക്കും അവധി ആകാമെന്നാണ് കത്തിലൂടെ ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയത്. കത്ത് വിവാദമായതോടെ കത്ത് നല്കാനുണ്ടായ സാഹചര്യം പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്കി. സുഗതന് അനുകൂലമായ കത്തില്‍ ബിജെപി – കോണ്‍ഗ്രസ് ഡീല്‍ ആരോപിക്കുകയാണ് പ്രതിപക്ഷം. പ്രതിക്ക് അനുകൂലമായ കത്തിന്‍റെ സാഹചര്യം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.