vd-satheesan
  • പ്രതിവര്‍ഷം ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് അനിവാര്യമായതിനാല്‍ പി.എം.ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട പി.എം.ശ്രീയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിക്കുമ്പോള്‍, സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്: ഇതെങ്ങനെ രാഷ്ട്രീയമായി വിശദീകരിക്കും? മലക്കംമറിച്ചിലെന്ന വിമര്‍ശനത്തിന് മറുപടിയുണ്ടോ? ലീഗ് നിലപാടെന്താണ്? പ്രായോഗിക നടപടികളുമായി മുന്നോട്ട് പോകുക എന്നതും എളുപ്പമാണോ?

പിഎം.ശ്രീ എന്താണ്?

ഏകപക്ഷീയവും കേന്ദ്ര സര്‍ക്കാരിന് പൂര്‍ണമായും മേല്‍കൈ നല്‍കുന്നതുമാണ് പിണറായി സര്‍ക്കാര്‍ ഒപ്പിട്ട പി.എം.ശ്രീ കരാര്‍. ദേശീയ വിദ്യാഭ്യാസ നയവും പാഠ്യപദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കമെന്നതുള്‍പ്പെടെ കേന്ദ്രം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതാണ് കേരളം ഒപ്പുവെച്ച രേഖ. കരാറില്‍നിന്ന് സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുത്ത് പിന്നോട്ട് പോകാനാകില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ കുടുക്ക്. എന്തു നിയമനടപടിയും ഡെല്‍ഹിയിലെ കോടതിയില്‍ മാത്രമെ കഴിയൂ എന്നതും സംസ്ഥാനത്തിന് തിരിച്ചടിയാണ്.

തിരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് കേന്ദ്ര സഹായം നല്‍കുന്നതാണ് പദ്ധതി. ഇതില്‍ ദേശീയ പാഠ്യപദ്ധതി ഉള്‍പ്പെടെ കൂട്ടിക്കെട്ടുമ്പോഴാണ് അത് ഒരു പഠന പദ്ധതി എന്നതിനും അപ്പുറം ഫെഡറല്‍ തത്വങ്ങളെ പോലും വെല്ലുവിളിക്കുന്നരാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ആരോപിക്കുന്നത്.

പ്രശ്നം പണമോ?

എന്നാല്‍ പിന്നെ എന്തിനാണ് സിപിഎം നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ഇത്തരമൊരു കരാറില്‍ ഒപ്പിട്ടതെന്ന സംശയത്തിന് ഉത്തരം ലളിതമാണ്. 1200 കോടിയോളം രൂപ കേന്ദ്ര സഹായമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുണ്ട്. സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് ഉള്‍പ്പെടെയാണിത്. പി.എം.ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍

ഫണ്ടില്ലെന്ന കേന്ദ്ര നിലപാടാണ് സംസ്ഥാന സര്‍ക്കാരുകളെ മുട്ടുമടക്കാന്‍ പ്രേരിപ്പിക്കുന്നത്. ഉച്ചഭക്ഷണം മുതല്‍ സ്പെഷലിസ്റ്റ് അധ്യാപകരുടെ ശമ്പളം വരെയും അടിസ്ഥാന സൗകര്യങ്ങളും സൗജന്യ പാഠപുസ്തക വിതരണവും വരെ കേന്ദ്ര ഫണ്ടിനെ വലിയതോതില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ കേന്ദ്രഫണ്ട് ആരുടെയും ഒൗദാര്യമല്ലെന്നും അത് ലഭിക്കുക സംസ്ഥാനത്തിന്‍രെ അവകാശമാണെന്നതിലും മുന്‍എല്‍ഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരും ഒരേഭാഷയാണ് സംസാരിക്കുന്നത്!

കേരളം ഒപ്പിട്ടതെന്ത്?

2025 ഒക്ടോബർ 23-ന് കേരളം പി.എം.ശ്രീ യില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും, തുടർന്ന് 2025-26 കാലയളവിൽ ആർ.ടി.ഇ. എൻ്റൈറ്റിൽമെന്‍റ് കേന്ദ്ര വിഹിതമായി 99.27 കോടി രൂപ കേരളത്തിന് അനുവദിച്ചു നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ കാരറൊന്നും ഒപ്പിട്ടില്ല, പിന്‍മാറുകയാണെന്ന് കേന്ദ്രത്തെ അറിയിച്ചു തുടങ്ങിയ എല്‍.ഡിഎഫ് വാദങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കുന്നു എന്നാണ് എല്‍.ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. അതോടെ മുന്‍സര്‍ക്കാരിനു മുന്നിലും പരമപ്രധാനമായി നിന്നത് ഫണ്ടുമാത്രമാണെന്ന് വ്യക്തമാകുകയാണ്.

വ്യവ്സ്ഥകള്‍ കേന്ദ്രം അംഗീകരിക്കുമോ?

രണ്ടു വ്യവസ്ഥകള്‍ കേന്ദ്രത്തിന് മുന്നില്‍വെക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. ദേശീയ വിദ്യാഭ്യാസ നയമോ അതിനെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയോ കേരളത്തില്‍ നടപ്പാക്കില്ല എന്നതാവും ആദ്യത്തെ വ്യവസ്ഥ. പി.എം.ശ്രീ എതു സ്കൂളുകളില്‍ നടപ്പാക്കണമെന്ന് സംസ്ഥാനം തീരുമാനിക്കുമെന്നത് രണ്ടാമത്തെ വ്യവസ്ഥയും. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അവകാശമുള്ള കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടകാര്യമാണ്. അതിനാല്‍കേന്ദ്രത്തിന് ഏപക്ഷീയമായ തീരുമാനമെടുക്കാനോ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാനോ ഫണ്ടു തടയാനോ ഉള്ള അവകാസമില്ല. അപ്രകാരം ചെയ്താല്‍അത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍തത്വങ്ങളുടെ ലംഘനവുമാണെന്ന് വാദിക്കാനും കേരളം ശ്രമിക്കുക.

നിയമവഴി തെളിയുമോ?

കേന്ദ്രം കേരളത്തിന്‍റെ വ്യവസ്ഥകള്‍ തള്ളിയാല്‍ കോടതിയിലേക്കു പോകാന്‍വഴിതെളിയും . ഇതോടെ തമിഴ്നാടിന് പിറകെ കേരളവും നിയമവഴിതേടുന്ന സ്ഥിതിയാകും 1200 മുതല്‍ 1500 കോടിവരെ പ്രതിവര്‍ഷം ലഭിക്കുന്ന കേന്ദ്രഫണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ജീവശ്വാസമാണ്. ഇത് ലഭിച്ചേ കഴിയൂ എന്ന വാദവും കോടതിക്ക് മുന്നിലെത്തിക്കാനാവും. പി.എം.ശ്രീസംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക. എന്നാല്‍ രാഷ്ട്രീയമായി പി.എം.ശ്രീ വിശദീകരിക്കുക യുഡിഎഫിനും സര്‍ക്കാരിനും എളുപ്പമാകില്ല.

ENGLISH SUMMARY:

The UDF government is moving forward with the controversial PM-SHRI scheme previously signed by the LDF administration, driven by the critical need for central education grants and funds. Although the prior government officially signed the agreement in October 2025 to secure over one thousand crore rupees in central allocations, the state now plans to impose strict conditions rejecting the National Education Policy. Furthermore, the administration intends to retain full authority over school selection while preparing for potential legal action in Delhi courts if the Centre rejects these terms. This complex political maneuver presents significant communicative challenges for the ruling coalition as they attempt to balance federal autonomy with essential funding requirements.