pinarayi-vijayan-slams-media-reports-on-cmrl-case
  • 'എങ്ങനെയെങ്കിലും എന്നിലേക്കെത്തിക്കാനാകുമോ എന്നാണല്ലോ പലരും നോക്കുന്നത്. എന്നോട് അത്രമാത്രം താല്‍പര്യമാണല്ലോ എല്ലാവര്‍ക്കും. അത് വരട്ടെ, എന്തെല്ലാം നമ്മള്‍ കണ്ടിരിക്കുന്നു'- പിണറായി

സിഎംആര്‍എല്‍– എക്സാ​ലോജിക് കേസില്‍ തനിക്കും മകള്‍ക്കുമെതിരെ ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയെന്ന് വാര്‍ത്ത നല്‍കിയത് മാധ്യമങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുറേക്കാലമായി സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ ഭാഗമാണിതെന്നും ഇതേ മാധ്യമങ്ങളാണ് പി.കെ.ശ്രീമതിക്കെതിരെ തീര്‍ത്തും അവാസ്തവമായ വാര്‍ത്ത നല്‍കിയതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. സിഎംആര്‍എലിനെ കുറിച്ച് പറയുന്നത് തന്നിലേക്ക് കാര്യങ്ങളെത്തിക്കാനാണെന്നും പിണറായി ആരോപിച്ചു. 'എങ്ങനെയെങ്കിലും എന്നിലേക്കെത്തിക്കാനാകുമോ എന്നാണല്ലോ പലരും നോക്കുന്നത്. എന്നോട് അത്രമാത്രം താല്‍പര്യമാണല്ലോ എല്ലാവര്‍ക്കും. അത് വരട്ടെ, എന്തെല്ലാം നമ്മള്‍ കണ്ടിരിക്കുന്നു'- പിണറായി പറഞ്ഞു. Also Read: വീണയെയും പിണറായിയെയും കുരുക്കി കര്‍ത്തയുടെ മൊഴി

മകള്‍ വീണാ വിജയന് മറ്റൊരു കമ്പനി കൂടിയുണ്ടെന്ന ഇഡിയുടെ കണ്ടെത്തല്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'കമലാ ഇന്‍റര്‍നാഷനല്‍ വിട്ടോ?' എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. ലേക്കര്‍ ഇന്ത്യ കോര്‍പറേഷന്‍ എന്ന കമ്പനിയില്‍ വീണാ വിജയന് പങ്കാളിത്തമുണ്ടെന്നായിരുന്നു ഇഡി പുറത്തുവിട്ട സൂചന. ഇത് സംബന്ധിച്ച രേഖ വീണയുടെ വീട്ടില്‍ നിന്ന് ഇഡി കണ്ടെടുക്കുകയും ചെയ്തിരിരുന്നു. ഇതോടെ ലേക്കര്‍ ഇന്ത്യയുടെ ബാങ്കിലുള്ള 15,57,414 രൂപ ഇഡി മരവിപ്പിച്ചു. 

ഏപ്രിലിലാണ് ശശിധരന്‍ കര്‍ത്ത പിണറായിക്കും മകള്‍ വീണയ്ക്കുമെതിരെ ഇഡിക്ക് മൊഴി നല്‍കിയത്. പിണറായി വിജയനോടുള്ള അടുപ്പത്തെ തുടര്‍ന്നാണ് എക്സാലോജികിന് പണം നല്‍കിയതെന്നും പക്ഷേ വീണയുടെ കമ്പനി സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ലെന്നുമായിരുന്നു ശശിധരന്‍ കര്‍ത്തയുടെ മൊഴി. സേവനമൊന്നും നല്‍കാതെ വീണയുടെ കമ്പനി സിഎംആര്‍എലില്‍ നിന്ന് കൈപ്പറ്റിയ പണം കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച തുകയായി കാണാമെന്നാണ് ഇഡി പറയുന്നത്. 

ENGLISH SUMMARY:

Pinarayi Vijayan has dismissed media reports regarding Sasidharan Kartha's alleged statements to the Enforcement Directorate concerning him and his daughter, Veena Vijayan, as a fabricated media creation aimed at targeting him politically. The ED investigation involves the financial transactions and service provisions of Exalogic and another associated entity, Laker India Corporation, whose bank funds have been frozen. Vijayan defended the situation by questioning the media's ongoing narratives and downplaying the allegations as part of persistent attempts to link him to the controversy. The central agencies maintain that the funds transferred without corresponding service delivery fall under the purview of anti-money laundering laws.