abhijeet-dipke-typhoid-cjp-protest
  • രാജ്യമെങ്ങും സമാധാനപരമായാണ് 'പാറ്റകള്‍' സമരം ചെയ്യുന്നതെന്നും ഇതുവരെയുള്ള സമരത്തിന്‍റെ ജയത്തിന് കാരണം അവരാണെന്നും ദീപ്കേ

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. താന്‍ അസുഖബാധിതനായെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പോരാട്ടം തുടരുമെന്ന് ദീപ്കേ അറിയിച്ചു. രാജ്യമെങ്ങും സമാധാനപരമായാണ് 'പാറ്റകള്‍' സമരം ചെയ്യുന്നതെന്നും ഇതുവരെയുള്ള സമരത്തിന്‍റെ ജയത്തിന് കാരണം അവരാണെന്നും ദീപ്കേ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് തനിക്ക് ടൈഫോയ്ഡ് പിടിപെട്ട വിവരം ദീപ്കേ വെളിപ്പെടുത്തിയത്. 

'നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ അസുഖ ബാധിതനാണ്. ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ചികില്‍സ തുടരുകയാണ്. രാവിലെയും വൈകിട്ടും ഡ്രിപ് ഇടുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാ പാറ്റകളോടുമുള്ള നന്ദി അറിയിക്കുന്നു. ഈ മുന്നേറ്റത്തെ ഇത്രയും വിജയകരമാക്കിയത് നിങ്ങളാണ്. വലിയ നന്ദിയും അഭിന്ദനങ്ങളും'- ദീപ്കേ പറഞ്ഞു. 

മുന്നേറ്റത്തിന്‍റെ ലക്ഷ്യം കാണുമെന്നും വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും ദീപ്കേ കൂട്ടിച്ചേര്‍ത്തു. ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് . വൈകിട്ടാണ് സിജെപിയുമായി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. 'ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കില്ലെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടത്. അങ്ങനെ അദ്ദേഹം രാജി വയ്ക്കില്ലെങ്കില്‍ സിജെപി അടുത്ത നടപടി സ്വീകരിക്കും.  രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. കടുത്ത നിലപാടിലേക്ക് പോകും'- സിജെപി പ്രവര്‍ത്തകര്‍ അശുതോഷ് റങ്ക പറഞ്ഞു. 

ENGLISH SUMMARY:

Cockroach Janata Party (CJP) founder Abhijeet Dipke has been diagnosed with typhoid while receiving medical treatment. Despite his illness, he announced through a video message that protests demanding Union Education Minister Dharmendra Pradhan's resignation will continue unabated. Dipke praised the peaceful demonstrators for making the movement successful thus far. Meanwhile, the central government and CJP are scheduled to hold their third round of talks to address the ongoing agitation regarding examination irregularities