സുഗതന്‍റെ അയോഗ്യത ഭയന്ന് കൗണ്‍സില്‍ യോഗം വിളിക്കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഈ മാസത്തെ കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. അതേസമയം സുഗതനില്‍ നിന്ന് അവധി അപേക്ഷ എഴുതിവാങ്ങി സംരക്ഷിക്കാനാണ് ബിജെപിയുടെ നീക്കം.

കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്‍ കഴിഞ്ഞ രണ്ടു കൗണ്‍സില്‍ യോഗത്തിലും പങ്കെടുത്തിരുന്നില്ല. തുടര്‍ച്ചയായ മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാകുമെന്നിരിക്കെ ഈ മാസത്തെ കൗണ്‍സില്‍ യോഗം സുഗതനും ബിജെപിക്കും നിര്‍ണായകമാണ്. ജൂണ്‍ 29നാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മാസത്തില്‍ ഒരു കൗണ്‍സില്‍ യോഗം നിര്‍ബന്ധമായിതനാല്‍ ഈ മാസം 31നകം കൗണ്‍സില്‍ യോഗം ചേരണം. എന്നാല്‍ മേയര്‍ കൗണ്‌‍സില്‍ യോഗം വിളിച്ചിട്ടില്ല. 

ഈ മാസത്തെ കൗണ്‍സിലില്‍ സുഗതന് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്ത് നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ ആലോചന. അതേസമയം സുഗതനില്‍ നിന്ന് വക്കീല്‍ മുഖേന അവധി അപേക്ഷ എഴുതിവാങ്ങാനാണ് ബിജെപിയുടെ തീരുമാനം. അവധി അപേക്ഷ മേയര്‍ കൗണ്‍സിലില്‍ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. അത് പാസായാലേ സുഗതന് കൗണ്‍സിലറായി തുടരാനാകൂ.