തിരുവനന്തപുരം കോര്‍പറേഷന്‍ കൈമാറിയ വിവരാവകാശ രേഖകളില്‍ കൃത്രിമമുണ്ടെന്ന് സംശയിക്കുന്നതായി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡർ കെ. എസ് ശബരീനാഥന്‍. ബി.ജെ.പി കൗൺസിലർ ആര്‍.സുഗതന്‍ ഹാജരായെന്നും ഒപ്പ് രേഖപ്പെടുത്തിയെന്നും വ്യക്തമാക്കിയുള്ള മറുപടിയില്‍ മുഴുവന്‍ രേഖകളും പുറത്ത് വിട്ടിട്ടില്ല. കൗണ്‍സിലില്‍ ഹാജരാവാത്ത ദിവസങ്ങളില്‍ സുഗതന്‍റെ വ്യാജ ഒപ്പിട്ടുവെന്ന പരാതിയില്‍ മേയർക്കെതിരെ പൊലീസ് കേസെടുത്തതിൽ പുതിയ തെളിവുകൾ കൂടി ചേർത്ത് വിപുലമായ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ഹാജര്‍ ബുക്കിന്‍റെ ഇരുപത്തി നാലാം പേജില്‍ കൗണ്‍സില്‍ യോഗം നടന്ന ഒരു ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത് മാര്‍ച്ച് പതിനൊന്ന് രാവിലെ പത്തരയെന്നാണ്. എന്നാല്‍ മാര്‍ച്ച് അഞ്ച് എന്ന തിയതിയുടെ കൗണ്‍സില്‍ രേഖകള്‍ കാണുന്നില്ല. ഈ സാഹചര്യത്തില്‍ വിവരാവകാശ നിയമപ്രകാരം നഗരസഭ അധികൃതര്‍ ഔദ്യോഗികമായി സമര്‍പ്പിച്ച ഹാജര്‍ ബുക്ക് രേഖ തന്നെ ക്രിത്രിമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ശബരിനാഥന്‍ പറയുന്നത്.
ജൂണ്‍ മാസം നടന്ന യോഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിച്ചും ഹാജര്‍ ബുക്ക് കൈക്കലാക്കിയത് ഈ തട്ടിപ്പുകള്‍ പുറത്ത് വരാതിരിക്കാന്‍ വേണ്ടിയാണോ എന്നതാണ് സംശയം. വ്യാജ ഒപ്പിനൊപ്പം ഈ വ്യാജ രേഖ കൂടി അന്വേഷിക്കാന്‍ സര്‍ക്കാരിനോടും വിവരാവകാശ കമ്മിഷനോടും ആവശ്യപ്പെടുമെന്നും ശബരിനാഥന്‍ പറഞ്ഞു.
അതേസമയം മേയർക്കും കൗൺസിലർ ആർ. സുഗതനുമെതിരെ അകാരണമായി കേസെടുത്തുവെന്ന് കാട്ടി ബിജെപി കൗൺസിലർമാർ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് ചെയ്തു.