രാജി വിവാദത്തേക്കുറിച്ച് വിശദീകരിച്ച് ബി.ജെ.പി വൈസ് പ്രസിഡന്റും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ.ശ്രീലേഖ. ജനങ്ങളുടെ പ്രശ്നങ്ങളുമായി 12 കത്തുകള്‍ മേയര്‍ക്ക് നല്‍കിയിരുന്നു. അവ പരിഹരിക്കാന്‍ മേയര്‍ക്ക് പരിമിതികളുണ്ട്. പരിഹാരമില്ലാത്തതിനാല്‍ എന്നെ അധിക്ഷേപിക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചെന്നും കൗണ്‍സിലറായിരുന്ന് വിശ്രമിക്കാന്‍ സാധിക്കില്ലെന്നും ശ്രീലേഖ പറഞ്ഞു.
ശ്രീലേഖയുടെ വാക്കുകള്‍
സുഹൃത്തുക്കളെ, നമസ്കാരം. ശ്രീലേഖ രാജിവെച്ചു. പാർട്ടിയിൽ നിന്ന് പോയി വേറെ പാർട്ടിയിൽ ചേർന്നു എന്നൊക്കെ എനിക്കെതിരെയുള്ള വല്ലാത്ത രൂക്ഷമായിട്ടുള്ള ചില വാർത്തകൾ കുറച്ചു ദിവസങ്ങളായി മുഖ്യധാരാമാധ്യമങ്ങളിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ഒക്കെ നിറഞ്ഞു കവിഞ്ഞ് ഓടുന്നതായിട്ട് ഞാൻ അറിഞ്ഞു. ഭാഗ്യത്തിന് ഇതൊന്നും ഞാൻ കണ്ടില്ല, കാരണം ഞാൻ ആശുപത്രിയിൽ ആയിരുന്നു.
എനിക്ക് വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നു; കാരണം, അത്രയ്ക്ക് എന്നെ മോശമാക്കാൻ അവർ ശ്രമിച്ചല്ലോ. ഞാൻ എപ്പോഴാണോ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തത്, അന്നുതുടങ്ങിയതാണ് മാധ്യമങ്ങളുടെ ഒരുതരം ചൊറിച്ചിൽ. അത് ഒരു കാലത്തും കുറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അത് ഒത്തിരി കൂടിയിരുന്നു. പിന്നെ അത് കഴിഞ്ഞിട്ടും വെറുതെ കഥകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു. അതൊക്കെ തെറ്റാണെന്ന് പലവട്ടം ഞാൻ പറഞ്ഞിട്ടും ഇപ്പോഴും അവർ അത് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ശ്രീലേഖ പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടില്ല. ഭാരതീയ ജനതാ പാർട്ടിയുടെ അഭിമാനമുള്ള ഒരു അംഗമായി ഞാൻ ആജീവനാന്തം, മരിക്കും വരെ തുടരും. ഞാൻ വിശ്വസിക്കുന്ന നമ്മുടെ ഏറ്റവും നല്ല ദേശീയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. നമ്മുടെ മണ്ണിൽ നിന്ന് തന്നെ ഉറവെടുത്തിട്ടുള്ള, വളരെ നല്ല ആദർശമുള്ള, രാഷ്ട്രസേവനത്തിന് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു വലിയ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി. അതിന്റെ ഒരു അംഗമായി ഇരിക്കുക എന്നത് എനിക്ക് അതീവ അഭിമാനമുള്ള കാര്യമാണ്.
രണ്ടുവർഷമേ ആയിട്ടുള്ളൂ ഞാൻ ഈ പാർട്ടിയിൽ ചേർന്നിട്ട്. പക്ഷേ, ഇതിനോടകം തന്നെ ഞാൻ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ ഒരാളായി. തിരുവനന്തപുരം കോർപ്പറേഷന്റെ ഒരു കൗൺസിലർ ആയി. ആദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭാരതീയ ജനതാ പാർട്ടിയുടെ അധികാരത്തിൽ വന്നു, അതും നാല്പത്തഞ്ചു വർഷത്തോളമുള്ള ദുർഭരണത്തിനു ശേഷം. അപ്പോൾ ഇതിനൊക്കെ ഒരുപാട് സന്തോഷിച്ച വ്യക്തിയാണ് ഞാൻ. ഇപ്പോൾ രാജിവെച്ചു, അതിന്റെ കാരണം എന്നെ മേയർ ആക്കാത്തതാണ് എന്ന് ഈ ഒമ്പത് മാസം കഴിഞ്ഞ് പറഞ്ഞുകൊണ്ടിരുന്നിട്ട് വല്ല കാര്യവുമുണ്ടോ? കാരണം അതൊക്കെ പഴയ കാര്യമല്ലേ. ഇതിനെക്കുറിച്ച് ഞാൻ ഒരുപാട് വിഡിയോകൾ ചെയ്ത് വിശദീകരണങ്ങൾ നൽകിയിട്ടുള്ളതാണ്. ആരാകണം മേയർ, ആരാകണം ഡെപ്യൂട്ടി മേയർ, ആരാകണം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ആരൊക്കെ ഏതൊക്കെ കമ്മിറ്റികളിൽ പോകണം എന്നൊക്കെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനും കൂടി ഉൾപ്പെട്ടിട്ടുള്ള ഒരു കമ്മിറ്റി ആയിരുന്നു. പിന്നെ എങ്ങനെയാണ് ഞാൻ ഇപ്പോഴും അതിന്റെ പേരിൽ വിഷമിച്ചു നിൽക്കുക?
പിന്നെ നിങ്ങൾ പറഞ്ഞു, കോൺഗ്രസുകാർ എന്നെ വിളിച്ചു, ഞാൻ അങ്ങോട്ടേക്ക് ചായുന്നു, പാർട്ടി വിടുന്നു എന്നൊക്കെ. എന്തൊരു അസംബന്ധമാണിത്! ഞാൻ മറ്റൊരു പാർട്ടിയിലേക്കും—കോൺഗ്രസിലോ, ആപ്പിലോ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ, ടി.വി.കെയിലോ—ഒന്നും പോകാൻ താല്പര്യപ്പെടുന്ന ആളല്ല. ഞാൻ ഒരു മോദി ഭക്തയാണ്. മോദിജി എന്ന് പറഞ്ഞാൽ എനിക്ക് ഇപ്പോഴും ആരാധനാമൂർത്തിയാണ്. അതുകൊണ്ട് ഒരിക്കലും ഈ പാർട്ടി വിട്ട് ഞാൻ പോവുകയില്ല.
ഒരു ഡി.ജി.പി (DGP)-യോട് പെട്ടെന്ന് ഒരു ദിവസം പോയി "നിങ്ങൾ പൊലീസ് കോൺസ്റ്റബിളിന്റെ ജോലി അഞ്ചുവർഷത്തേക്ക് ചെയ്യൂ" എന്ന് പറഞ്ഞു വിട്ടു കഴിഞ്ഞാൽ, ആ ഡി.ജി.പിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആർമിയിലെ ഒരു ജനറലിനോട് "പോയി നിങ്ങൾ ഒരു പട്ടാളക്കാരനായിട്ട്, ശിപായി ആയി അതിർത്തിയിൽ മറ്റ് പട്ടാളക്കാരുമായി ചേർന്ന് അതിർത്തി സംരക്ഷിക്കൂ, കാക്കൂ" എന്ന് പറഞ്ഞു വിട്ടു കഴിഞ്ഞാലും, അദ്ദേഹത്തിനും ആ പണി ചെയ്യാൻ വളരെയധികം പ്രയാസമുണ്ടാകും. പക്ഷേ, ആ പ്രയാസങ്ങളൊക്കെ സഹിച്ചുകൊണ്ടാണ് ഞാൻ ഇപ്പോൾ കൗൺസിലർ ആയിട്ട് മത്സരിച്ചതും ആ ജോലി ചെയ്തുകൊണ്ടിരിക്കുന്നതും.
ഞാൻ കുറച്ച് ആത്മാർത്ഥത കൂടിയ ഒരാളാണ്. എന്തെങ്കിലും നേരാംവണ്ണം ചെയ്യാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ അത് വല്ലാതെ എന്നെ അലട്ടും. മുപ്പത്തിമൂന്നര വർഷം ഞാൻ പൊലീസ് ഓഫീസർ ആയിരുന്നപ്പോൾ, അന്ന് എനിക്ക് ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ടായ സമയത്തെക്കുറിച്ചൊക്കെ ഞാൻ എന്റെ പഴയ വിഡിയോകളിൽ പറഞ്ഞിട്ടുണ്ട്. ഒരു പ്രാവശ്യം ജോലി രാജിവെക്കാൻ തുനിഞ്ഞതും എന്റെ ഭർത്താവ് എന്നെ തടഞ്ഞതുമൊക്കെയായ കഥകൾ ഞാൻ പറഞ്ഞിട്ടുണ്ട്. ഒത്തിരി മാനസിക സമ്മർദ്ദങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ സമയത്തൊക്കെ എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചതും അത് അതിജീവിപ്പിച്ചതും ഒക്കെ പൊലീസിൽ ഒരു വലിയ സപ്പോർട്ട് സിസ്റ്റം ഉള്ളതുകൊണ്ടാണ്. സഹപ്രവർത്തകർ സപ്പോർട്ട് ചെയ്തില്ലെങ്കിലും എന്നോടൊപ്പം പണിയെടുക്കുന്ന കുറെ ആൾക്കാരുണ്ട്. ഞാൻ വിളിച്ചു പറഞ്ഞാൽ ആരും കേൾക്കും.
ശാസ്തമംഗലത്തെ മാത്രമല്ല, തിരുവനന്തപുരത്തെ മാത്രമല്ല, കേരളത്തിലെ മൊത്തം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പോലും എന്നെ ഫോൺ വിളിക്കുകയും എന്നെ കാണാൻ വരികയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ, വൈവാഹിക പ്രശ്നങ്ങൾ, മക്കളുടെ പ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, അവരുടെ പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, ജോലി വേണം, സ്കൂളിൽ കുട്ടികൾക്ക് അഡ്മിഷൻ വേണം, നഴ്സിങ് കോളേജിൽ അഡ്മിഷൻ വേണം, മെഡിക്കൽ കോളേജിൽ അഡ്മിഷൻ വേണം എന്നൊക്കെ പറഞ്ഞാണ്. കൂടാതെ ചെറിയ ചെറിയ അതിർത്തി തർക്കങ്ങൾ തുടങ്ങിയവ... എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും രാവിലെ മുതൽ രാത്രി വരെ എന്റെ വീട്ടിലും ഓഫീസിലും ആളുകൾ വന്നു കണ്ടു സംസാരിക്കുന്നുണ്ട്. അവർ ഉപദേശം മതി എന്ന് പറഞ്ഞു വന്നു കഴിഞ്ഞാൽ പോലും അവരുടെ കഥ മൊത്തം കേട്ട് അവർക്ക് എന്താണ് പോംവഴി എന്ന് ഞാൻ നിർദ്ദേശിച്ചു കൊടുക്കും. അവസാനം അവർക്ക് അത് സാറ്റിസ്ഫൈഡ് ആകില്ല, കാരണം എന്നെക്കൊണ്ട് അത് പൂർണ്ണമായി ചെയ്തു തീർക്കാൻ പറ്റുന്നില്ല.
ഒരു പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഇപ്പോൾ പറഞ്ഞാൽ ആരും കേൾക്കില്ല. ഒരു ബി.ജെ.പി കൗൺസിലർ എന്ന നിലയിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ ഞാൻ പറയുന്നത് ആരും കേൾക്കില്ല. ചില എസ്.പിമാർ കേൾക്കും; തീർച്ചയായും ഉന്നത ഉദ്യോഗസ്ഥരൊക്കെ കേൾക്കുമായിരിക്കും. പക്ഷേ എനിക്ക് അവരെ ശല്യപ്പെടുത്തുന്നത് ഇഷ്ടമല്ല. കൂടാതെ അതൊന്നും അവരുടെ പരിധിയിൽ വരുന്ന കാര്യവുമല്ല. അപ്പോൾ അങ്ങനെയുള്ള ഒരു സാഹചര്യത്തിലൂടെ, ഭയങ്കര സമ്മർദ്ദത്തിലൂടെയാണ് ഞാൻ പോയിക്കൊണ്ടിരുന്നത്.
ഞായറാഴ്ച പോലും വിശ്രമമില്ലാതെ ഞാൻ അലയുകയാണ്. എല്ലാ സ്ഥലങ്ങളിലും പരിപാടികൾക്ക് പോകുന്നുണ്ട്. വീടുകളിൽ മരണം ഉണ്ടാകുമ്പോൾ, വിവാഹം ഉണ്ടാകുമ്പോൾ, കുട്ടികൾക്ക് അസുഖം വരുമ്പോൾ, അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ പ്രശ്നം ആകുമ്പോഴൊക്കെ ഞാൻ അവിടെ ചെല്ലണം എന്ന് ആളുകൾ ആവശ്യപ്പെടുകയും അതനുസരിച്ച് ഞാൻ പോവുകയും ചെയ്യുന്നുണ്ട്. ഒരു പരിധി വിട്ടു കഴിയുമ്പോൾ നമുക്ക് തന്നെ തോന്നും ഇത് എന്നെക്കൊണ്ട് പറ്റുന്നില്ല എന്ന്.
കുറെ പ്രശ്നങ്ങൾ ശാസ്തമംഗലം വാർഡിൽ ഉണ്ടായിട്ടുണ്ട്. അവിടെ ഒരു അങ്കണവാടി ഇല്ല, പ്രൈമറി ഹെൽത്ത് സെന്‍ററിന്‍റെ ഒരു സ്ഥാപനം ഇല്ല. അവിടെയുള്ള ആൾക്കാർക്ക്, പ്രായമായവർക്ക് നന്ദൻകോട് വരെ പോകണം എന്തെങ്കിലും കുത്തിവയ്പ്പ് എടുക്കാനോ മരുന്ന് വാങ്ങാനോ ഒക്കെ. അവിടെ ഒരു പൊതു ശൗചാലയത്തിന് വേണ്ടി ഞാൻ ഒത്തിരി കഷ്ടപ്പെട്ട് ഒരു സ്ഥലം ഒഴിപ്പിച്ചെടുത്തു. പക്ഷേ അതിനുള്ള അനുമതി ഇതുവരെ കിട്ടിയിട്ടില്ല. അങ്ങനെ എന്റെ ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, വൈഫൈ, ടെലിഫോൺ കണക്ഷൻ എല്ലാം കേടായി കിടക്കുകയാണ്. ഞാൻ ഇരിക്കുന്ന കസേര പൊട്ടിപ്പൊളിഞ്ഞ കസേരയാണ്. കുറച്ചു നേരം അതിൽ ഇരുന്നു കഴിഞ്ഞാൽ പുറകൊക്കെ വേദന എടുക്കും.
അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഇത്രയും നാൾ ഞാൻ ജോലി ചെയ്തിട്ട്, ഏകദേശം 12-ഓ 13-ഓ കത്തുകൾ ഞാൻ പല അവസരങ്ങളിലായിട്ട് മേയർക്ക് കൊടുത്തിട്ടുണ്ട്. മേയർക്ക് അത് ചെയ്യാൻ പറ്റുന്നതിൽ ഒരു പരിധിയുണ്ട്. ഓരോരുത്തരും ഇങ്ങനെ ഓരോ ശുപാർശകൾ അയച്ചുകൊണ്ടിരിക്കുകയാണല്ലോ. അപ്പോൾ അതിന്റെയൊക്കെ ഫയൽ ഉണ്ടാക്കാൻ പറഞ്ഞ് അദ്ദേഹം ആർക്കെങ്കിലും ഒരു സെക്ഷനിലേക്ക് അത് അയക്കും. അപ്പോൾ ഈ സെക്ഷനിൽ ഇരിക്കുന്ന ക്ലാർക്കുമാരും സൂപ്രണ്ടുമാരും ഓഫിസർമാരും എല്ലാം കഴിഞ്ഞ നാല്പത്തഞ്ച് വർഷമായിട്ട് ഭരിച്ചുകൊണ്ടിരുന്ന ഒരു പാർട്ടിയുടെ അനുയായികൾ ആയിരിക്കാം. ഒരു കൗൺസിലർ, അതും ഒരു ബി.ജെ.പി കൗൺസിലർ എഴുതി കൊടുക്കുന്ന പ്രൊപ്പോസൽ അവിടെത്തന്നെ അനങ്ങാതെ കിടക്കും. നമ്മൾ ഇതിന്റെ പുറകെ നടന്നു നടന്ന് ബുദ്ധിമുട്ടും. അങ്ങനെ പല കാര്യങ്ങളിലും കാലതാമസം വരുന്നുണ്ട്. അടുത്ത വീട്ടിൽ നിൽക്കുന്ന ചെടി വന്നു വീണാൽ പോലും ഞാൻ പോയി മാറ്റിക്കൊണ്ടിരുന്നു. പക്ഷേ ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളൊക്കെ വൃത്തിയാക്കണം എന്നൊക്കെ പറയുമ്പോൾ നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്.
ഇതുപോലെയുള്ള സാഹചര്യത്തിൽ ഒരാഴ്ചത്തേക്ക് താമസം വന്നു കഴിഞ്ഞാൽ ശാസ്തമംഗലത്ത് താമസിക്കുന്ന ജനങ്ങളിൽ ചിലർ വളരെ മോശമായിട്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ എഴുതും: "എന്തിനാണ് ഇങ്ങനെ ഒരു കൗൺസിലർ ഇവിടെ ഇരിക്കുന്നത്? ഞങ്ങൾ ഇത്ര നാളായിട്ട് പറഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ലല്ലോ." അപ്പോൾ അവർ പ്രതീക്ഷിക്കുന്നത് ഞാൻ അപ്പോൾത്തന്നെ അത് ചെയ്തു കൊടുക്കണം എന്നാണ്. ഒരു ടെലിഫോൺ കണക്ഷൻ ഇല്ല, വൈദ്യുതി ഇല്ല, തെരുവ് വിളക്ക് കത്തുന്നില്ല, ചപ്പുചവറുകൾ കൂടി കിടക്കുന്നു, അവർക്ക് ഡ്രെയിനേജ് പ്രശ്നം ഉണ്ട് എന്നുള്ള കാര്യങ്ങളിൽ ഒക്കെ അവർ പറയുന്ന നിമിഷം അത് ചെയ്തു കൊടുക്കണം. എന്തെങ്കിലും പരാതിയുമായി അവർ വരാറുണ്ട്. അവർ മോശം ഭാഷ ഉപയോഗിക്കുന്നതായി അവർക്ക് തോന്നുന്നില്ലെങ്കിൽ പോലും അത് എന്നെ ബാധിക്കും.
അത് അങ്ങനെ ബാധിച്ചു ഞാൻ ഭയങ്കര വിഷമമായി ഇരിക്കുന്ന സമയത്താണ് സെപ്റ്റംബർ 30-ആം തീയതി ഞാൻ മേയർക്ക് ഒരു കത്ത് അയച്ചത്. ആ കത്തിനകത്ത് ഞാൻ "ഇങ്ങനെ ഇങ്ങനെ കാര്യങ്ങൾ കൊണ്ടൊന്നും നടന്നിട്ടില്ല. ഇത് ഇനി നടന്നില്ല എന്നുണ്ടെങ്കിൽ എനിക്ക് കൗൺസിലർ ആയിട്ട് തുടർന്നു പോകാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഞാൻ രാജിവെക്കാൻ വരെ തയ്യാറാണ്" എന്ന് അതിനകത്ത് എഴുതി. അതിന്റെ ഒരു കോപ്പി ഞാൻ ജില്ലാ കളക്ടർക്കും കൂടെ അയച്ചു നൽകി. കാരണം കളക്ടറെക്കൊണ്ടും കൂടെ ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ അതിനകത്തുണ്ട്. മേയർ ഒരു സഭയുടെ അധ്യക്ഷൻ എന്ന് പറയുമ്പോൾ, ഞങ്ങളുടെ കൗൺസിലിന്റെ ചെയർമാൻ ആയിട്ടുള്ള മേയർ ഇതൊക്കെ അറിയണം. മേയറുടെ അനുവാദം ഇല്ലാതെ എനിക്ക് രാജി സമർപ്പിക്കാൻ പറ്റില്ല.
പക്ഷേ അങ്ങനെ ഇരുന്ന സെപ്റ്റംബർ 30-ആം തീയതി ആയപ്പോഴേക്കും ഞാൻ അസുഖബാധിതയായി. എന്റെ രക്തസമ്മർദ്ദം ഭയങ്കരമായിട്ട് കൂടി, കുറച്ചധികം തലകറക്കവും നെഞ്ചിടിപ്പും ഒക്കെ വന്നു. വളരെയധികം തലവേദനയും ക്ഷീണവും, ബോധംകെട്ടു വീഴാൻ പോകുന്ന പോലെയൊക്കെ തോന്നി. കുറച്ചുനാൾ മുമ്പ് സർവീസിലൊക്കെ ഇരിക്കുന്ന സമയത്ത് ചികിത്സയ്ക്ക് വിധേയമായിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. കൃത്യമായി ധ്യാനിക്കുകയും പ്രാണായാമം ചെയ്യുകയും വ്യായാമം ചെയ്യുകയും ഒക്കെ ചെയ്തിരുന്ന എനിക്ക് കഴിഞ്ഞ ഒമ്പത് മാസമായിട്ട് അതിനൊന്നും സമയം കിട്ടുന്നില്ല. രാവിലെ മുതൽ ഇങ്ങനെ ഓരോ തിരക്കുകളാണ്. അപ്പോൾ വീടിന്റെ കാര്യവും നോക്കണം, ഓഫീസിന്റെ കാര്യവും നോക്കണം. അങ്ങനെ തിരക്കുപിടിച്ചു നടക്കുന്നതുകൊണ്ട് എന്റെ സിസ്റ്റം മുഴുവൻ താറുമാറായിട്ട് കിടക്കുകയാണോ എന്ന് എനിക്കിപ്പോൾ ഒരു സംശയമുണ്ട്.
ഒക്ടോബർ 1, 2, 3 തീയതി ആയപ്പോഴേക്കും സ്ഥിതി കുറച്ചുകൂടി ഗുരുതരമായി. അങ്ങനെ ഒരു ഡോക്ടറെ പോയി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: "കർശനമായിട്ടും ഒന്നര, രണ്ടു മാസത്തേക്ക് ഒരു ജോലിയും ചെയ്യരുത്. ദീർഘകാല ചികിത്സ വേണം. നിർബന്ധമായും വിശ്രമിക്കണം. എവിടെയും പോകണ്ട, ഓഫീസിലൊന്നും പോകണ്ട, അവധിയെടുക്കുക" എന്നൊക്കെ പറഞ്ഞു. പെട്ടെന്ന് അവധിയെടുക്കാൻ പറ്റില്ലല്ലോ. കൗൺസിലർ എന്ന നിലയിൽ ഞാൻ അവധിയെടുത്തിരുന്നാൽ ഈ പേപ്പറുകൾ ആര് ഒപ്പിട്ടു കൊടുക്കും? അങ്ങനെ രണ്ടുമാസം ഞാൻ വിശ്രമമെടുത്ത് അവധിയിൽ നിന്നു കഴിഞ്ഞാൽ അത് ആര് ചെയ്യും? അപ്പോൾ ആർക്കെങ്കിലും ചുമതല കൊടുക്കേണ്ടി വരും. അഞ്ചു വർഷം മാത്രമല്ല, ഇനിയൊരു 20, 30, 40 വർഷം വരെയെങ്കിലും പാർട്ടി, ജനതാ പാർട്ടി നയിക്കുന്ന ഒരു ഭരണമായിരിക്കും തിരുവനന്തപുരം നഗരസഭയിൽ ഉണ്ടാകാൻ പോകുന്നത്. കൂടാതെ കേരളത്തിലും താമസിയാതെ ഭരണം വരാൻ പോകുന്നത് എന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഞാൻ വിചാരിച്ചത്, തൽക്കാലം ഒരു പാർട്ടി പ്രവർത്തകയായിട്ട് തന്നെ തുടരാം എന്ന്.
വളരെ മോശമായിട്ട് ആളുകൾ കൗൺസിലറുടെ അറിയിപ്പ് അറിയിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ സംസാരിച്ചപ്പോൾ ഞാൻ അതിനകത്ത് ഒരു സന്ദേശം ആശുപത്രിയിൽ ഇരുന്നുകൊണ്ട് തന്നെ ഇട്ടു: "ഞാൻ സെപ്റ്റംബർ 30-ആം തീയതി മേയർക്ക് ഒരു രാജിക്കത്ത് നൽകിയിട്ടുണ്ട്. അത് തിങ്കളാഴ്ച ഒക്ടോബർ 5-ആം തീയതി ഞാൻ കളക്ടർക്കും കൂടെ കൊടുക്കും. എല്ലാ സഹായസഹകരണങ്ങൾക്കും നന്ദി" എന്ന് പറഞ്ഞു ഞാൻ ഒരു പോസ്റ്റ് ഇട്ടു. എന്റെ വോട്ടർമാർ എന്ന് ഞാൻ വിശ്വസിച്ചിരുന്ന, ശാസ്തമംഗലം നിവാസികളായിട്ടുള്ള എന്നെ തിരഞ്ഞെടുത്ത ആൾക്കാരോട് അത് അറിയിക്കേണ്ട ഒരു പ്രതിബദ്ധത എനിക്കുണ്ട്. പക്ഷേ എല്ലാവരോടും എനിക്ക് അസുഖമാണ്, ഞാൻ ആശുപത്രിയിലാണ്, ചികിത്സയിലാണ് എന്നൊക്കെ പറഞ്ഞു നടക്കേണ്ട കാര്യമില്ലല്ലോ.
കത്ത് കൊടുക്കാൻ തുടങ്ങിയ സമയം മുതൽ വീട്ടിലേക്ക് ഒരു വലിയ പത്രമാധ്യമ പ്രവാഹം ഉണ്ടായിരുന്നു. അപ്പോൾ എന്ത് പറയണം എന്ന് എന്റെ ഭർത്താവിന് പോലും ഒരു നിശ്ചയം ഉണ്ടായിരുന്നില്ല. അവിടെ നിന്ന പയ്യൻ പറഞ്ഞു "ഞാൻ ഇവിടെ ഇല്ല" എന്ന്. ആരോടും പറയരുത് എന്ന് ഞാൻ കർശനമായി നിഷ്കർഷിച്ചിരുന്നതുകൊണ്ട്, ആശുപത്രിക്ക് മുൻപിൽ ആളുകൾ വന്നുനിൽക്കുന്നതോ എന്നെ കാണാൻ വരുന്നതോ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ട്, പത്രക്കാരും എല്ലാവരും വന്നു ക്യാമറയുമായി വീടിന്റെ മുൻപിൽ വന്നുനിന്നു. എന്റെ ഭർത്താവിനെ ഫോൺ വിളിക്കുന്നു, എന്റെ ഡ്രൈവറുടെ നമ്പർ ചോദിക്കുന്നു, മകനെ ഫോൺ വിളിക്കുന്നു, അവൻ ജോലി ചെയ്യുന്ന ഓഫീസിൽ വിളിച്ചു ചോദിക്കുന്നു ഞാൻ എവിടെയാണെന്ന്.
ഞാൻ ആശുപത്രിയിൽ നിന്ന് രണ്ടുദിവസം മുൻപ് രാത്രിയിലാണ് ഡിസ്ചാർജ് ആയി വീട്ടിലേക്ക് വരുന്നത്. ഇപ്പോഴും പൂർണ്ണമായിട്ടും ഭേദമായിട്ടില്ല. എന്നോടും എന്റെ പാർട്ടിക്ക് വലിയ സ്നേഹമുണ്ട്. അതുകൊണ്ട് പാർട്ടിയുടെ ഉന്നത നേതാക്കന്മാർ എന്നെ വന്നു കണ്ടു. അവർ ആശുപത്രിയിൽ വന്നു കണ്ടു, എനിക്ക് സമാധാനം തന്നു, എന്നെ സമാശ്വസിപ്പിച്ചു. എന്നിട്ട് പറഞ്ഞു, "ഒരു കാരണവശാലും പോകരുത്, ഞങ്ങൾക്ക് ആവശ്യമുണ്ട് ശ്രീലേഖ" എന്ന് പറഞ്ഞു. അങ്ങനെ സമാധാനമായിട്ട് ഞാൻ ഇപ്പോൾ തുടരുകയാണ്. എനിക്കിപ്പോൾ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാൻ തൽക്കാലം നിർവാഹമുള്ളൂ. ബാക്കി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ എന്നെ സഹായിക്കാൻ ചിലപ്പോൾ ആരെങ്കിലും ഉണ്ടായേക്കാം പിന്നീട്.
ഡൽഹിയിലെ വനിതാ കമ്മീഷൻ അംഗമാക്കാത്തതിന്റെ ദേഷ്യം കാരണമാണ് ഞാൻ രാജിവെക്കുന്നത് എന്നൊക്കെ ഉള്ളത് എനിക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. രണ്ടുമൂന്ന് ദിവസം ഡൽഹിയിൽ പോയി നിൽക്കാൻ പോലും പറ്റാത്ത ഞാൻ എങ്ങനെയാണ് ഡൽഹിയിലെ ഒരു ഓഫിസിൽ പോയി ഒരു വനിതാ കമ്മീഷൻ അംഗമായിട്ട് ജോലി ചെയ്യുന്നത്? അങ്ങനെ ഒരു പദവിയെക്കുറിച്ച് ഒരു ആഗ്രഹമോ ഒരു ചിന്തയോ ഒന്നും എന്റെ മനസ്സിലൂടെ കടന്നുപോയിട്ടില്ല. എന്നോട് ആരും അങ്ങനെ പറഞ്ഞിട്ടുമില്ല. കേരളത്തിൽ തന്നെ നിന്നുകൊണ്ട് പ്രവർത്തിക്കാനാണ് എനിക്ക് എപ്പോഴും താല്പര്യം. ഇപ്പോൾ എനിക്ക് മനസ്സിലായി ആരാണ് യഥാർത്ഥ മിത്രം എന്ന്. പലരെയും ഞാൻ കണ്ണടച്ച് വിശ്വസിച്ചിരുന്നു. അവർ എന്റെ കൂടെ ഏത് പ്രതിസന്ധി സമയത്തും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.