മുൻ സിപിഎം പ്രവർത്തകനും പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുകൂലിയുമായ ടി പുരുഷോത്തമന്‍റെ കൃഷിയിടത്തിലെ ഷെഡ് തീ വെച്ച് നശിപ്പിച്ച നിലയിൽ. പയ്യന്നൂർ കണ്ടങ്കാളിയിലെ ചെമ്മീൻ കൃഷിയിടത്തിലെ ഷെഡാണ് നശിപ്പിക്കപ്പെട്ടത്. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും ജീവിക്കാൻ അനുവദിക്കുന്നില്ല എന്നും പുരുഷോത്തമൻ പറഞ്ഞു.
ചെമ്മീൻ കൃഷിക്കുള്ള തീറ്റ ഉൾപ്പെടെ സൂക്ഷിച്ച ഷെഡ് ആയിരുന്നു ഇത്. ഇന്നലെ രാത്രിയിലാണ് അക്രമികൾ ഷെഡിൽ തീയിട്ടത്. തീറ്റ ഉൾപ്പെടെ മുഴുവൻ വസ്തുക്കളും കത്തി നശിച്ചു. രാവിലെ ചെമ്മീനുകൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. പുരുഷോത്തമൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. തനിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ഉപജീവനമാർഗ്ഗമാണ് തകർക്കപ്പെട്ടതെന്നും ടി പുരുഷോത്തവൻ പറഞ്ഞു
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച് വി കുഞ്ഞികൃഷ്ണൻ രംഗത്ത് വന്നതു മുതൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു പുരുഷോത്തമൻ. ഇതിന് പിന്നാലെ സിപിഎം പുറത്താക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് കഴിഞ്ഞതിന് പിന്നാലെ പുരുഷോത്തമന്‍റെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രാദേശിക സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.