• ജാൻസിയും ജോബി ജയിംസും തമ്മിലുള്ള ബന്ധം ബാബു എതിർത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.

കണ്ണൂർ പയ്യാവൂരിൽ ഭർത്താവിനെ കഴുത്തിൽ തോർത്തു മുണ്ടു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പയ്യാവൂർ സ്വദേശി ജാൻസി, സുഹൃത്ത് ജോബി ജയിംസ് എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത് . 2017 നവംബര്‍ എട്ടിനാണ് തോണിപ്പാറക്കൽ ബാബുവിനെ ഭാര്യയും ആണ്‍സുഹൃത്തും കൊലപ്പെടുത്തിയത്. 

ബാബുവിനെ കൊലപ്പെടുത്തിയ ശേഷം ഒന്നുമറിയാത്ത പോലെ ജാന്‍സി നിലവിളിച്ചു കരഞ്ഞു.. 2017 നവംബർ 8ന് രാവിലെ 7 മണിയ്ക്ക് ജാന്‍സിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ ഭര്‍ത്താവ് ബാബു ഹാളിലെ കട്ടിലില്‍ മരിച്ചുകടക്കുന്ന നിലയിലാണ് കണ്ടത്. അസ്വാഭാവിക മരണത്തിന് അന്ന് ആദ്യം കേസെടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്. പരിയാരം മെഡിക്കല്‍ കോളജിലാണ് ബാബുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഗോപാലകൃഷ്ണപ്പിള്ളയുടെ റിപ്പോർട്ടിൽ ഇതു കൊലപാതകമാണെന്ന് കണ്ടെത്തി.  കഴുത്തിൽ മുണ്ടു മുറുകിയാണ് വ്യക്തമായതോടെ അസ്വാഭാവിക മരണമെന്ന കേസ് കൊലക്കേസായി. 

ജാൻസിയും ഓട്ടോഡ്രൈവറായിരുന്ന ജോബി ജെയിംസൂം തമ്മിലുള്ള ബന്ധം എതിർത്തതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണം.ഇരുവരും ചേർന്നാണ് ബാബുവിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. മറ്റു ദൃക്സാക്ഷികളൊന്നുമില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളെയും സാഹചര്യതെളിവുകളെയും ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്.

അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ സംഭവത്തിന് തലേദിവസം ജാൻസി 40 കി.മീ. അകലെയുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നും വീട്ടിലുണ്ടായിരുന്നില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഗതാഗത സൗകര്യം തീരെ പരിമിതമായ സ്ഥലത്ത് നിന്ന് ഇത്രയും ദൂരം സഞ്ചരിച്ചു രാവിലെ 7 മണിക്ക് വീട്ടിലെത്താൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ ചൂ​ണ്ടിക്കാട്ടി. ജോബി ജെയിംസിനെ അറിയില്ലെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ ഇരുവരും ഒരുമിച്ചിരിക്കുന്ന ഫൊട്ടോ ഹാജരാക്കിയ പ്രോസിക്യൂഷൻ ഫൊട്ടോ എടുത്ത സ്റ്റുഡിയോ ഉടമയെയും കോടതിയിൽ സാക്ഷിയായി വിസ്തരിച്ച് ഈ വാദവും തെറ്റാണെന്ന് തെളിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാറും അഡ്വ. ഇ.ജയറാംദാസും ഹാജരായി.

ENGLISH SUMMARY:

Thalassery Additional Sessions Court has sentenced Payyavoor native Jancy and her male friend Joby James to life imprisonment and a ₹1.5 lakh fine for strangling her husband Babu with a towel on November 8, 2017. Initially registered as an unnatural death after Jancy feigned grief and alerted neighbors, the case became a murder investigation when a post-mortem examination at Pariyaram Medical College revealed strangulation. According to the prosecution, the killing was motivated by resentment over Babu opposing the relationship between Jancy and auto driver Joby James. Despite having no eyewitnesses, the prosecution proved the charges using scientific and circumstantial evidence, refuting defense alibis and claims of unfamiliarity with photographs and studio testimony.