• രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അരാജകത്വം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ വസതി ആക്രമിക്കുകയാണ് ലക്ഷ്യമെന്നും ആരോപിച്ചാണ് ഡല്‍ഹിയിലെ പ്രതിഷേധത്തിന് സംസ്ഥാനങ്ങളില്‍ മറുപടി നല്‍കാന്‍ ബി.ജെ.പി തീരുമാനിച്ചത്

ഡല്‍ഹിയിലെ കോണ്‍ഗ്രസ് മാര്‍ച്ചിന് പകരമായി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ബി.ജെ.പി. തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. 

 

രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും വി.മുരളീധരനും ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.  കെപിസിസി ഓഫീസിലേക്കുള്ള ബി.ജെ.പിയുടെ മാര്‍ച്ച്, പ്രതിഷേധത്തിനപ്പുറം സംഘര്‍ഷത്തിലേക്ക് വഴിവെച്ചു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അരാജകത്വം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ വസതി ആക്രമിക്കുകയാണ് ലക്ഷ്യമെന്നും ആരോപിച്ചാണ് ഡല്‍ഹിയിലെ പ്രതിഷേധത്തിന് സംസ്ഥാനങ്ങളില്‍ മറുപടി നല്‍കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

 

സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായാണ് ബി.ജെ.പി, കെപിസിസി ആസ്ഥാനത്തേക്ക് പ്രതിഷേധത്തിനെത്തുന്നത്. രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും ബാരിക്കേഡിന്‍റെ ഒരുഭാഗം തകര്‍ത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടുനീങ്ങി. ഇതിനിടെ വനിതാ പ്രവര്‍ത്തകയെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് പൊലീസുമായി തര്‍ക്കമായി. ഒടുവില്‍ ദൃശ്യം പരിശോധിച്ച് നടപടിയെന്ന് പൊലീസ് അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

 

ബിഹാറിലെ പട്നയിലെ പ്രതിഷേധം കോണ്‍ഗ്രസ്–ബി.ജെ.പി തെരുവുയുദ്ധത്തില്‍ കലാശിച്ചു. ഇരുഭാഗത്തുമായി ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ജയ്പൂരിലും മുംബൈയിലും സമാന പ്രതിഷേധം വലിയ പ്രശ്നങ്ങളില്ലാതെ നടന്നു.

ENGLISH SUMMARY:

The BJP held marches to Congress offices in various states as a counter to the Congress march in Delhi. In Thiruvananthapuram, water cannons were used against BJP state president Rajeev Chandrasekhar and other leaders during the march to the KPCC office. Senior leaders, including Rajeev Chandrasekhar, Kummanam Rajasekharan, and V. Muraleedharan, led the march. The BJP's march to the KPCC office escalated beyond a protest and turned tense. The BJP decided to respond to the protests in Delhi across the states, alleging that Rahul Gandhi and the Congress were creating anarchy and that the objective was to attack the Prime Minister's residence.