vds-aloshious-xavour
  • കെ.എസ്.യു കടന്നുപോകുന്നത് വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ്. ഉയര്‍ത്തിയ പ്രതിഷേധവും ആവശ്യവും നാട്ടുകാര്‍ അറിഞ്ഞു. അതില്‍ നിന്ന് പിന്നോട്ട് പോകാനും കഴിയില്ല. മുഖ്യമന്ത്രിയാകട്ടെ എടുത്ത കാല്‍ പിന്നോട്ടുവയ്ക്കാന്‍ ഒരുക്കവുമല്ല

ഗവണ്‍മെന്റ് പ്ളീഡര്‍ നിയമനവിവാദത്തില്‍ മുഖ്യമന്ത്രിയും കെ.എസ്.യുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തിയത് പഞ്ചാബി ഹൗസിലെ ഒരു സീനാണ്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച, ഇന്നും റീലുകളായി വന്ന് നമ്മെ ചിരിപ്പിക്കുന്ന സിനിമയാണല്ലോ റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്ന പഞ്ചാബി ഹൗസ്. എസ്.എഫ്.ഐ പശ്ചാത്തലമുള്ള ജിയോന ജെയിംസിനെ ഗവണ്‍മെന്റ് പ്ളീഡറായി നിയമിച്ച തീരുമാനം റദ്ദാക്കണമെന്നാണ് കെഎസ്.യു നേതൃത്വത്തിന്റെ ആവശ്യം. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയും കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും തമ്മിലുള്ള ഉരസല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായിരുന്നു മാധ്യമങ്ങളുടെ തലക്കെട്ടുമായിരുന്നല്ലോ. ഇനി പഞ്ചാബി ഹൗസിലെ ആ സീനിലേക്കും ഇന്നലത്തെ കൂടിക്കാഴ്ചയിലേക്കും വരാം.

സീന്‍ ഒന്ന്– പഞ്ചാബ് ഹൗസ്. (കൊച്ചിന്‍ ഹനീഫയുടെ ബോട്ട് കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് പഞ്ചാബി ഹൗസുകള്‍ പിടിച്ചുകൊണ്ടുപോകുന്നു). അപ്പോള്‍ ഹരിശ്രീ അശോകന്‍ ഒരു ഐഡിയ ഇറക്കുന്നു.

ഹരിശ്രീ അശോകന്‍ – നമ്മള്‍ നേരെ പഞ്ചാബി ഹൗസിലേക്ക് ചെല്ലുന്നു.

കൊച്ചിന്‍ ഹനീഫ– എന്നിട്ട്

ഹരിശ്രീ അശോകന്‍ – മര്യാദയ്ക്ക് ബോട്ട് വിട്ടുതരാന്‍ പറയുന്നു.

കൊച്ചി ഹനീഫ– എന്നിട്ട്

ഹരിശ്രീ അശോകന്‍ – അപ്പോ അവര്‍ ബോട്ട് വിട്ടുതരില്ല എന്ന് പറയുന്നു

കൊച്ചിന്‍ ഹനീഫ– അപ്പോ

ഹരിശ്രീ അശോകന്‍– അപ്പോ ഒരു തീരുമാനമായല്ലോ. പിന്നെ ഒരൊറ്റ അടിയാണ്.

ഇനി മുഖ്യമന്ത്രി–കെ.എസ്.യു കൂടിക്കാഴ്ച

അലോഷ്യസ് സേവ്യര്‍‍– സി.എമ്മേ, ഈ ജിയോന ജെയിംസ് എസ്.എഫ്.ഐക്കാരിയാണ്. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കാന്‍ കൂട്ടുനിന്നവരാണ്. അവര്‍ ചുമതലയേല്‍ക്കാന്‍ വന്നപ്പോഴും രണ്ടു സി.പി.എമ്മുകാര്‍ ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി – ആണോ.

അലോഷ്യസ് സേവ്യര്‍– അതുകൊണ്ട് അവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണം.

മുഖ്യമന്ത്രി– അതുപിന്നെ, മന്ത്രിസഭയല്ലേ നിയമനം അംഗീകരിച്ചത്. മാത്രമല്ല, ശുപാര്‍ശ വന്ന വഴിയും അറിയാമല്ലോ. ഞാന്‍ എന്ത് ചെയ്യാനാ.

അലോഷ്യസ് സേവ്യര്‍– അപ്പോ മാറ്റാന്‍ പറ്റില്ലേ.

മുഖ്യമന്ത്രി – അത് എങ്ങനെ സാധിക്കും. കൂടിക്കാഴ്ച അവസാനിച്ചു. തീരുമാനവുമായി.

ഇപ്പോള്‍ കെ.എസ്.യു കടന്നുപോകുന്നത് വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ്. ഉയര്‍ത്തിയ പ്രതിഷേധവും ആവശ്യവും നാട്ടുകാര്‍ അറിഞ്ഞു. അതില്‍ നിന്ന് പിന്നോട്ട് പോകാനും കഴിയില്ല. മുഖ്യമന്ത്രിയാകട്ടെ എടുത്ത കാല്‍ പിന്നോട്ടുവയ്ക്കാന്‍ ഒരുക്കവുമല്ല. എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞുനില്‍ക്കുന്ന അലോഷ്യസ് സേവ്യറിന് കൂട്ടായി അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ട്. ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട് പരസ്യപ്രതിഷേധം ഉയര്‍ത്തിയിട്ടും വഴങ്ങാത്ത സിപിഎമ്മിന് മുന്‍പില്‍ മാനത്ത് നോക്കി നില്‍ക്കുകയാണ് ബിനോയ് വിശ്വം.

ENGLISH SUMMARY:

Drawing a satirical parallel to a classic comedy scene from the Malayalam film Punjabi House, this political commentary examines the recent deadlock between Chief Minister Pinarayi Vijayan and KSU state president Aloysius Xavier over the controversial appointment of Government Pleader Geona James. Despite KSU's fierce protests against the appointment of an SFI-affiliated individual, the Chief Minister firmly refused to retract the cabinet-backed decision during their meeting, leaving the student wing struggling for a way out of the standoff. The article compares KSU's helpless dilemma to CPI leader Binoy Viswam's current predicament, noting how Viswam finds himself similarly stuck after openly demanding the opposition deputy leader post from an unyielding LDF leadership.