TAGS

ബോര്‍ഡ്, കോര്‍പറേഷന്‍ വീതംവയ്പിന്‍റെ നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷി തലസ്ഥാനത്തെത്തി. വീതംവയ്പില്‍ അന്തിമ തീരുമാനമെടുക്കാന്‍ യുഡിഎഫ് യോഗം ഉടന്‍ ചേരണമെന്ന ആവശ്യം ഘടകകക്ഷികളും ഉയര്‍ത്തിയിട്ടുണ്ട്. കാബിനറ്റ് റാങ്കിനായുള്ള പദവികള്‍ക്കായാണ് ഘടകക്ഷികളുടെ ആദ്യ പിടിവലി. കെ.പി.സി.സി യോഗം ചേരുന്നതിലും ദീപാദാസ് മുന്‍ഷി തീരുമാനമെടുക്കും. 

വകുപ്പുവിഭജനവും നയപ്രഖ്യാപനവും ധവളപത്രവും ബജറ്റ് അവതരിപ്പിക്കലും ചര്‍ച്ചയും പാസാക്കലുമൊക്കെയായി തിരക്കുപിടിച്ച ഒന്നരമാസം പിന്നിട്ടതോടെയാണ് ബോര്‍ഡ് കോര്‍പറേഷന്‍ വീതംവയ്പിന്‍റെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. പദവികള്‍ ഉറ്റുനോക്കി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും മത്സരരംഗത്ത് നിന്ന് മാറിനിന്നവരും യുവനേതാക്കളും കാത്തിരിക്കുകയാണ്. ഘടകകക്ഷികള്‍ക്കുള്ള പദവികളില്‍ തീരുമാനമായാലേ പേരുകള്‍ വച്ചുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസിന് കടക്കാനാവു. ഘടകക്ഷികള്‍ക്ക് എന്തൊക്കെ നല്‍കാനാകുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും മന്ത്രി രമേശ് ചെന്നിത്തലയും  ദീപാ ദാസ് മുന്‍ഷിയും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പ്രാഥമിക ധാരണയുണ്ടാക്കും. 

തുടര്‍ന്നാകും യുഡിഎഫിലെ ചര്‍ച്ച. എല്ലാ ഘടകക്ഷികളും ഒരു ക്യാബിനറ്റ് പദവിയെങ്കിലും ആഗ്രഹിക്കുന്നുമുണ്ട്. ഭരണപരിഷ്കാര കമ്മിഷന്‍ സ്ഥാനത്തില്‍ ലീഗിനും കേരളാ കോണ്‍ഗ്രസിനും ഒരുപോലെ നോട്ടമുണ്ട്. എം.കെ.മുനീറിനും കെ.പി.എ.മജീദിനും പി.ജെ.ജോസഫിനും വേണ്ടിയാണ് ഇരുപാര്‍ട്ടികളും ആവശ്യമുയര്‍ത്തുന്നത്. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ പി.ജെയ്ക്ക് ഭരണപരിഷ്കാര കമ്മിഷന്‍ നല്‍കിയാല്‍ മുനീറിന് വയോജനകമ്മിഷന്‍ ലഭിച്ചേക്കും. മജീദിനും കാബിനറ്റ് റാങ്കുള്ള പദവിയാണ് ലീഗ് ആഗ്രഹിക്കുന്നത്. രണ്ടരവര്‍ഷത്തിന് ശേഷം മന്ത്രിയാകാമെന്ന ഉറപ്പില്‍ റിസര്‍വ് ബെഞ്ചിലിരിക്കുന്ന പാലാ എംഎല്‍എ മാണി സി കാപ്പന്‍ മന്ത്രിയാകുന്നത് വരെ കാബിനറ്റ് റാങ്കോടെ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പദവി പ്രതീക്ഷിക്കുന്നുണ്ട്. കാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവിയിലാണ് ഫോര്‍വേഡ് ബ്ളോക്ക് നേതാവ് ജി.ദേവരാജന്‍റെ നോട്ടം. സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് വരാന്‍ എഴുത്തുകാരും സിനിമാക്കാരും കലാകാരന്മാരും കോണ്‍ഗ്രസ് ബന്ധം പുതുക്കി നില്‍ക്കുന്നുണ്ട്. പ്രാഥമിക പട്ടിക തയാറാക്കി കാത്തുനില്‍ക്കുന്ന സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥും മുഖ്യമന്ത്രിയെ വൈകാതെ കാണും. 

ENGLISH SUMMARY:

Board and corporation distribution is entering its next phase with Congress making moves. Discussions with the Chief Minister for these appointments are ongoing, with a key AICC General Secretary arriving in the capital. UDF allies are also pushing for an urgent meeting to finalize these distribution decisions