cpim-action-thaliparamba-election

നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ നടപടി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ച രണ്ട് പ്രാദേശിക നേതാക്കളെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. കീഴാറ്റൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നിലവിലെ എം.എൽ.എ ടി.കെ. ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയിട്ട കമന്റുകളാണ് നേതാക്കളെ നടപടിയിലേക്ക് നയിച്ചത്. കീഴാറ്റൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.പി. പ്രകാശനെയും, ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഷൈജു ചാലപ്പുറത്തിനെയും നീക്കാൻ തീരുമാനിച്ചു.

എം.വി. ഗോവിന്ദനെയും മുൻ എം.എൽ.എ ജെയിംസ് മാത്യുവിനെയും ലക്ഷ്യമിട്ടായിരുന്നു പ്രകാശന്റെ ഫെയ്സ്ബുക്ക് കമന്റുകൾ. കടുത്ത ചില പ്രയോഗങ്ങൾ നടത്തിക്കൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിലെ ഈ പരസ്യ പ്രതികരണങ്ങൾ.

സംസ്ഥാനത്ത് പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനേക്കാൾ വലിയ നാണക്കേടാണ് തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തോൽവി സി.പി.എമ്മിന് ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടിയുടെ ശക്തമായ കോട്ടകളിൽ ഒന്നായ തളിപ്പറമ്പിലുണ്ടായ പരാജയം പ്രാദേശിക തലത്തിൽ വലിയ അതൃപ്തിക്കും ചർച്ചകൾക്കും വഴിതുറന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അച്ചടക്ക നടപടികളിലേക്ക് കടന്നത്.

ENGLISH SUMMARY:

CPM disciplinary action has been taken against two local leaders following an unexpected defeat in the Thaliparamba constituency during the Kerala Assembly elections. These leaders faced removal from their positions after criticizing state leaders, including M.V. Govindan, on social media.