ugc-net-sociology-mistakes

TOPICS COVERED

യുജിസി നെറ്റ് ചോദ്യപ്പേപ്പറിൽ പിഴവുകളുടെ ഘോഷയാത്ര. സോഷ്യോളജി പരീക്ഷയിൽ പ്രശസ്തരുടെ പേരുകളിൽ അടക്കം അക്ഷരത്തെറ്റും വ്യാകരണ പിശകും. ഇംഗ്ലീഷിൽ 67 ചോദ്യങ്ങൾ 2024-ലേത്. ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയാത്ത സർക്കാരാണ് അധികാരത്തിലെന്ന് പ്രതിപക്ഷം വിമർശിച്ചു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നാണ് എൻടിഎയുടെ മറുപടി.

പരീക്ഷാക്രമക്കേടിലും ചോദ്യപ്പേപ്പർ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ എൻടിഎ ജൂൺ 30-ന് നടത്തിയ യുജിസി നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് ചോദ്യപ്പേപ്പറുകളിലാണ് പ്രശ്നം. സോഷ്യോളജിയിലെ പകുതിയോളം ചോദ്യങ്ങളിലും അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളുമുണ്ട്. സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകളിലാണ് തെറ്റ് ഏറെയും. ജോർജ് റിറ്റ്‌സറുടെ പേര് 'പുറ്റ്‌സർ' എന്നും, ടാൽക്കോട്ട് പാർസൺസ് എന്നത് 'പാർസോ' എന്നും, ജി. എസ്. ഘുര്യേ എന്നത് 'ഘുൻയേ' എന്നുമാണ് നൽകിയിരിക്കുന്നത്.

എ. ആർ. ദേശായിക്ക് എ. കെ. ദേശായി എന്നും നുസ്ബാം എന്നത് നുസ്ബൗട്ട് എന്നും രേഖപ്പെടുത്തി; സോഷ്യൽ 'ഓവലായി'. ചോദ്യങ്ങളുടെ പരിഭാഷയാകട്ടെ വളരെ മോശം. എഐ തയ്യാറാക്കിയതാകാമെന്നാണ് വിദ്യാർത്ഥികളുടെ സംശയം. ഇംഗ്ലീഷിൽ 150 ചോദ്യങ്ങളിൽ 67 എണ്ണവും 2024-ലേത്. ഓപ്ഷനുകളുടെ ക്രമം പോലും മാറ്റിയിട്ടില്ലെന്നും ആരോപണമുണ്ട്. ഇന്ന് കെ. സി. വേണുഗോപാൽ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന പിഎസി യോഗത്തിൽ പരീക്ഷാ ക്രമക്കേടുകളിൽ ചോദ്യങ്ങൾ ഉയർന്നുവെങ്കിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.

ഇനിയും പദവിയിലിരിക്കാൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് നാണമില്ലേ എന്നും എൻടിഎ പിരിച്ചുവിടണമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ആരോപണങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പരാതി ലഭിച്ചാൽ വിലയിരുത്തി ആവശ്യമെങ്കിൽ തെറ്റായ ചോദ്യങ്ങൾ റദ്ദാക്കുമെന്നുമാണ് എൻടിഎ നൽകുന്ന മറുപടി.

ENGLISH SUMMARY:

UGC NET paper errors were found in the Sociology and English exams, sparking widespread protests and criticism. The National Testing Agency (NTA) stated that complaints would be investigated, and incorrect questions would be cancelled if necessary.