vizhinjam-stake-deal

അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 49 ശതമാനം ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് വില്‍ക്കാനുള്ള നടപടിയില്‍ സര്‍ക്കാറിനോട് ചോദ്യങ്ങളുമായി മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉടമയായ സര്‍ക്കാറിനോട് സംസാരിക്കാതെ എംഎസ്‍സിയുമായി അദാനി ഡീലുണ്ടാക്കിയതിന് കാരണം സമുദ്ര മിഷന്‍ സംബന്ധിച്ച പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളാണെന്ന് തോമസ് ഐസക്ക് വിമര്‍ശിച്ചു. 

കരാര്‍ പ്രകാരം അദാനി കമ്പനിക്ക് കേരള സര്‍ക്കാറിന്‍റെ അനുമതിയോടെ മാത്രമെ ഓഹരി വില്‍ക്കാന്‍ സാധിക്കൂ. കേരള സർക്കാരിനെ പൂർണ്ണമായും മറയത്ത് ഇരുത്തി ഇത്തരമൊരു നീക്കം അദാനി നടത്തിയെന്നത് അവിശ്വസനീയമാണെന്നും തോമസ് ഐസ്ക്ക് പറഞ്ഞു. മംഗളൂരുവില്‍ അദാനി കമ്പനി പ്രതിനിധികളെ സതീശന്‍ കണ്ടെന്ന കാര്യവും തോമസ് ഐസക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. 

അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സർക്കാരിന്റെ വിസാൽ എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് പിപിപി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. 61.5 ശതമാനം (5370 കോടി രൂപ) കേരള സർക്കാരാണ് ചെലവാക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംങ് എന്ന നിലയിൽ കേരളത്തിനു കേന്ദ്രം വായ്പ നൽകുന്ന പണമാണ്. അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്. 2497 കോടി രൂപ മുടക്കുന്ന അദാനി തന്റെ കമ്പനിയുടെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്ക്ക് വിൽക്കുമ്പോൾ ആ ഡീലിന്റെ വലുപ്പം എത്രയാണെന്ന് മനസിലാക്കാനാകുമെന്നും തോമസ് ഐസക്ക് എഴുതി. 

ഇത് കേരളത്തിൽ നടത്തുന്ന മുതൽമുടക്കാണെന്ന് ദേശാഭിമാനി പത്രം തെറ്റിദ്ധരിച്ചു. ഇത് അദാനിയുടെ ഓഹരിക്ക് നൽകുന്ന വിലയാണ്. എന്നാൽ പോകുന്നത് അദാനിയുടെ പോക്കറ്റിലേക്കാണ്. ഇതാണ് ഡീലിന്റെ വലുപ്പമെന്നും തോമസ് ഐസക്ക് എഴുതി. തുറമുഖങ്ങളെ അടിസ്ഥാനമാക്കി കപ്പൽ മാർഗമുള്ള കയറ്റുമതി വ്യവസായങ്ങൾ സ്ഥാപിക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നത്. ഇത് ഉയർത്താൻ പോകുന്ന പ്രശ്നങ്ങളുടെ തുടക്കമാണ് അദാനിയുടെ ഓഹരി വിൽപ്പനയെന്നും തോമസ് ഐസക്ക് എഴുതി. കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും കുത്തകകൾക്കും വിദേശ കമ്പനികൾക്കും കൈമാറുന്നതിനുള്ള നീക്കമല്ല സമുദ്ര മിഷനിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി സതീശന് എങ്ങനെ ഉറപ്പു പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു. 

ENGLISH SUMMARY:

Former Kerala Finance Minister Thomas Isaac has heavily criticized the state government over Adani Vizhinjam Port Private Limited's move to sell a 49% stake to Mediterranean Shipping Company (MSC). He raised concerns that Adani proceeded with this massive deal behind the government's back, despite the concession agreement mandating prior state approval for any equity transfers. Isaac pointed out the massive disparity in investment, noting that while the government covers over 70% of the project cost, Adani is pocketing ₹13,000 crore from the stake sale. He also targeted the newly proposed 'Maritime Mission', questioning whether it serves as a gateway to hand over Kerala's ports and coastlines to foreign monopolies and private conglomerates.