navakerala

TOPICS COVERED

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളിൽ നിന്ന് ഇതുവരെ ഒരു ആയുധം പോലും കണ്ടെടുത്തിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). പ്രതികൾക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിലാണ് എസ്‌ഐടി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികൾ ഉപയോഗിച്ച ലാത്തികൾ സ്വമേധയാ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതിനാൽ അവ കണ്ടെടുക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ, പ്രതികൾ യാതൊരു ആയുധവും അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലെന്നും അതിന് തെളിവായ രേഖകളോ മഹസറോ റിപ്പോർട്ടോ അന്വേഷണ ഫയലിലില്ലെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അപ്പീലിൽ, സെഷൻസ് കോടതിയുടെ നിരീക്ഷണം രേഖകളുടെ അടിസ്ഥാനത്തിൽ ശരിയല്ലെന്നാണ് എസ്‌ഐടിയുടെ വാദം. ലാത്തി കൈമാറിയതായി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടുകളിലോ മറ്റ് രേഖകളിലോ എവിടെയും പരാമർശമില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധക്കാരെ മർദിക്കാൻ ഉപയോഗിച്ച ലാത്തികൾ എവിടെ നിന്നാണ് ലഭിച്ചത്, ആരാണ് വാങ്ങിയത്, ആരൊക്കെയാണ് കൈവശം സൂക്ഷിച്ചിരുന്നത്, സംഭവശേഷം അവ എവിടേയ്ക്കാണ് മാറ്റിയത്, തെളിവ് നശിപ്പിക്കാനോ മറച്ചുവെയ്ക്കാനോ ശ്രമം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും എസ്‌ഐടി വ്യക്തമാക്കി.

ഇത്തരം സാഹചര്യത്തിൽ ലാത്തികൾ കൈമാറിയതായി കോടതി രേഖപ്പെടുത്തിയിരിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സെഷൻസ് കോടതിയുടെ പരാമർശം റദ്ദാക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആയുധങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സാക്ഷിമൊഴികൾ ശേഖരിച്ചുവരികയാണെന്നും എസ്‌ഐടി അറിയിച്ചു. ഡിജിറ്റൽ, ശാസ്ത്രീയ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണ്. മർദന സംഭവത്തിൽ പ്രതികളുടെ വ്യക്തിപരമായ പങ്കും സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.