പി.എം ശ്രീയില്‍ കെ.എസ്.യു നിലപാട് സര്‍ക്കാറിനെ ഓര്‍മിപ്പിച്ച് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍. പി.എം. ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണെന്നും ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കാൻ കെ.എസ്.യു പഠിച്ചിട്ടില്ലെന്നും അലോഷ്യസ് സേവ്യര്‍ എഴുതി. പി.എം ശ്രീ വിഷയത്തില്‍ സംസാരിക്കാന്‍ എസ്എഫ്ഐയ്ക്ക് ധാര്‍മിക അവകാശമില്ലെന്നും എസ്എഫ്ഐ ഒഴികെയുള്ളെ മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും അലോഷ്യസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പി.എം. ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണ്. ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളത്. വരാനിരിക്കുന്ന തലമുറയെ കാവിവൽക്കരിക്കാനുള്ള നീക്കത്തോടാണ് എൽ.ഡി.എഫ് സർക്കാർ അന്ന് പൊരുത്തപ്പെട്ടത്. ഇതിനോട് ജനങ്ങള്‍ക്കുണ്ടായ ശക്തമായ വിയോജിപ്പ് കൊണ്ടുകൂടിയാണ് യുഡിഎഫിനെ ജനം അധികാരത്തിലേറ്റിയത്. ഇക്കാര്യം നേതൃത്വം മനസ്സിലാക്കുന്നുണ്ടെന്ന് തന്നെയാണ് കെ.എസ്.യു വിശ്വസിക്കുന്നതെന്നും അലോഷ്യസ് പറഞ്ഞു.
മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെ.എസ്.യു സ്വാഗതം ചെയ്യുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ആശങ്കകളും കെ.എസ്.യു സർക്കാരിനെ അറിയിക്കും. വിദ്യാര്‍ഥി സംഘടനകളെ കേൾക്കാൻ സർക്കാർ തയ്യാറാകണം. കേരള സർക്കാരിനെ വീർപ്പ് മുട്ടിക്കാൻ കേന്ദ്രം തുനിഞ്ഞാൽ തെരുവിൽ പോരാടാൻ കെഎസ്‍യു തയ്യാറാണെന്നും അലോഷ്യസ് സേവ്യര്‍ എഴുതി.