paala

TOPICS COVERED

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം തുടരുന്നതിനിടെ സമവായ ചർച്ചകൾക്കും ഫലമുണ്ടായില്ല. നഗരസഭാധ്യക്ഷ ഉൾപ്പെടുന്ന സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി. അതേസമയം, യുഡിഎഫ് ഭരണം നഷ്ടപ്പെട്ടാലും നഗരസഭയിൽ ഭരണം പിടിക്കില്ലെന്നാണ് കേരള കോൺഗ്രസ് (എം) നിലപാട്.

കോൺഗ്രസ് കൗൺസിലറായ ബിജു മാത്യൂസും യുഡിഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടവും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് തുടക്കം കുറിക്കുന്നത്. ബിനു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന് പിന്നാലെ ബിനു പുളിക്കക്കണ്ടത്തിന്റെ മകളും നഗരസഭാധ്യക്ഷയുമായ ദിയ ബിനു, ബിജു മാത്യൂസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ തർക്കം കൂടുതൽ രൂക്ഷമാകുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി യുഡിഎഫിന്റെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടരുകയാണ്. യുഡിഎഫ് നേതാക്കൾ പറയുന്നത് അനുസരിക്കുമെന്നാണ് ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ആറുമാസമായി യുഡിഎഫ് നേതാക്കളുടെ നിർദേശപ്രകാരമാണ് താൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് ബിജു മാത്യൂസിന്റെ വാദം. നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതിനിടെ, യുഡിഎഫ് ഭരണം നഷ്ടമായാൽ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നാലും ഭരണം പിടിക്കില്ലെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം അറിയിച്ചു. ഇതോടെ പാലാ നഗരസഭയിലെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ ശക്തമായിരിക്കുകയാണ്.

ENGLISH SUMMARY:

Pala Municipality is facing a severe internal conflict within the UDF ruling party, leading to a political stalemate. The Congress councilors have stated they will not cooperate with the independent front, which includes the municipal chairperson, while Kerala Congress (M) remains firm on not seizing power even if the UDF loses its hold.