യുഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുള്ള തർക്കം രൂക്ഷം. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെതിരെ മോഷണ പരാതി നൽകിയതോടെയാണ് തർക്കം പുതിയ തലത്തിലേക്ക് വഴിതുറന്നത്.
ഒരാഴ്ച മുൻപ് കോൺഗ്രസ് കൗൺസിലർ ബിജു മാത്യു, സ്വതന്ത്ര മുന്നണി നേതാവും നഗരസഭാംഗവുമായ ബിനു പുളിക്കക്കണ്ടത്തിനെതിരെ പൊലീസിൽ കയ്യേറ്റ പരാതി നൽകിയിരുന്നു. ഇതോടെയാണ് യുഡിഎഫിനുള്ളിലെ ഭിന്നത പരസ്യമാകുന്നത്.
ഇതിന് പിന്നാലെ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ബിജു മാത്യുവിനെതിരെ പൊലീസിൽ പരാതി നൽകി. തന്റെ വാച്ചും ചില ഫയലുകളും ബിജു മാത്യു മോഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
അതേസമയം, ആരോപണങ്ങൾ ബിജു മാത്യു തള്ളി. മുൻപ് നഗരസഭയിൽ മോഷണക്കേസിൽ ആരോപണവിധേയനായ ആളാണ് ബിനു പുളിക്കക്കണ്ടമെന്നും സ്വതന്ത്ര മുന്നണി കൂട്ടായ്മ യുഡിഎഫിന്റെ ഭാഗമല്ലെന്നുമാണ് ബിജു മാത്യുവിന്റെ പ്രതികരണം.
ഭരണപക്ഷത്തെ പ്രധാന ഘടകങ്ങളായ കോൺഗ്രസും സ്വതന്ത്ര മുന്നണി കൂട്ടായ്മയും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ പാലാ നഗരസഭയിൽ യുഡിഎഫിന്റെ ഭരണതുടർച്ച തന്നെ പ്രതിസന്ധിയിലാകുമെന്ന രാഷ്ട്രീയ വിലയിരുത്തലും ഉയരുന്നുണ്ട്.