Image : Facebook

എംജി സർവകലാശാല സെനറ്റ് നിയമനങ്ങളിലെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സർവ്വകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ ധൈര്യമില്ലാത്തവരായി മാറിയിരിക്കുകയാണ് ഭരണനേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വിമര്‍ശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഏത് തരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് സ്വന്തം ഭരണകാലത്തെ അവിശുദ്ധ ഒത്തുതീർപ്പുകൾ വിസ്മരിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

എംജി സർവ്വകലാശാലയുടെ സ്വയംഭരണാധികാരത്തെക്കുറിച്ചും മതേതര മൂല്യങ്ങളെക്കുറിച്ചുമുള്ള പിണറായി വിജയന്‍റെ പ്രസ്താവന രാഷ്ട്രീയ കാപട്യവും ചരിത്രവിസ്മൃതിയുമാണെന്നാണ് റോജി പ്രതികരിച്ചത്. അധികാരത്തിൽ നിന്നും പുറത്തായപ്പോള്‍ മാത്രമുണ്ടായ 'ഗാന്ധിഭക്തിയും' സംഘ്പരിവാർ വിരോധവും രാഷ്ട്രീയ നാടകം മാത്രമാണെന്ന് പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഇടതുപക്ഷ ഭരണത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല നേരിട്ട തകർച്ചയും അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയവും മറച്ചുവെച്ചുകൊണ്ട് യുഡിഎഫിനെ വിമർശിക്കരുതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് ഇടത് സർക്കാരിന്റെ കാലത്താണെന്നും കുറിപ്പില്‍ പറയുന്നു. കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ സംഘപരിവാര്‍ ആശയങ്ങൾ തിരുകിക്കയറ്റാൻ അവസരമൊരുക്കിയത് ഇടത് സർക്കാരിന്റെ കാലത്താണെന്നും വിമര്‍ശനമുണ്ട്. ഇടത് സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിൽ ആകുമ്പോൾ ഗവർണ്ണറുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ വിദ്യാർഥി സംഘടനയെ സമരത്തിന് വിട്ട് ശ്രദ്ധ തിരിക്കുന്നതും ഗവർണറെ സന്ദർശിച്ച് ചായകുടിച്ച് അന്നത്തെ മുഖ്യമന്ത്രി പിരിയുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ബൾബ് കെടുന്നത് പോലെ സമരം അവസാനിക്കുന്നതും കേരളം കുറെ കണ്ടതാണെന്നും പോസ്റ്റില്‍ പറയുന്നു.

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും മതേതര ജനാധിപത്യ മൂല്യങ്ങളെ നെഞ്ചേറ്റുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് സുതാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ‘സർവ്വകലാശാലകളെ പാർട്ടി താല്പര്യങ്ങൾക്കനുസരിച്ച് തരംതാഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് ശൈലിയല്ല, നിയമവിരുദ്ധമായ ഇടപെടലുകളെ പൂർണ്ണമായും ഭരണഘടനാപരമായി പ്രതിരോധിക്കുന്ന നയമാണ് സർക്കാരിന്റേത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഏത് ശ്രമത്തെയും എന്ത് വിലകൊടുത്തും ഈ സർക്കാർ ചെറുക്കും. അതാണ് ഇന്നലത്തെയും ഇന്നത്തെയും എന്നത്തെയും നിലപാട്’– മന്ത്രി കുറിച്ചു.

യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്തതിനു ശേഷം ഗവർണറുടെ ഓഫീസിൽ നിന്നും സർവ്വകലാശാലയുടെ ‘പിൻസീറ്റ് ഡ്രൈവിങിനുള്ള’ ശ്രമങ്ങളാണ് നടക്കുന്നതെന്നായിരുന്നു പിണറായി വിജയന്‍റെ ആരോപണം. ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഭരണനേതൃത്വത്തിന് കഴിയില്ലെന്നും സംഘപരിവാർ അജണ്ടയ്‌ക്ക് കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും മുന്‍മുഖ്യമന്ത്രി കൂടിയായ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഗവർണറെ മുൻനിർത്തി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമങ്ങളുണ്ടായപ്പോൾ കഴിഞ്ഞ പത്തുവർഷക്കാലവും എൽഡിഎഫ് സർക്കാർ എങ്ങനെയാണതിനെ പ്രതിരോധിച്ചതെന്ന് കേരളം കണ്ടതാണ്. അത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും എതിർക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും അന്നുണ്ടായിട്ടില്ല. എന്നാൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നാണ് യുഡിഎഫ് സർക്കാരിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘എംജി സർവകലാശാല താൽകാലിക വൈസ് ചാൻസലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ നിയമിച്ചാണ് ഗവർണർ കാവിവൽക്കരണത്തിന് തുടക്കമിട്ടത്. താൽകാലിക വൈസ് ചാൻസലർ നിയമനത്തിനായി പാനൽ നൽകാനുള്ള ബാധ്യത നിർവേറ്റാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല. കോടതിയെ സമീപിച്ചുകൊണ്ട് വിസി നിയമനം റദ്ദുചെയ്യിക്കാനുള്ള സാധ്യതയും ഇതുമൂലം അടഞ്ഞിരിക്കുകയാണ്. ഇതിനുപുറമെ, എംജി സർവകലാശാല സെനറ്റിൽ നിയമവും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സംഘപരിവാർ നോമിനികളെ തിരുകിക്കയറ്റിയിരിക്കുകയുമാണ്. 30 അംഗങ്ങളിൽ 19 പേരും ആർഎസ്എസ് അനുകൂലികളാണ്. സംഘപരിവാർ കേന്ദ്രങ്ങൾ എംജി സർവ്വകലാശാലയെ പിടിച്ചടക്കാനുള്ള ചരടുവലികൾ നടത്തുമ്പോൾ സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഒരു വിയോജനക്കുറിപ്പു നൽകാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല’– പിണറായി വിജയന്‍റെ പോസ്റ്റില്‍ ആരോപിക്കുന്നു.

‘താൽകാലിക വിസി നിയമനമുൾപ്പെടെ സർക്കാർ നൽകുന്ന പാനലിൽ നിന്നാവണമെന്ന കോടതി വിധികൾ നിലനിൽക്കേ ഗവർണർക്ക് ഒത്താശ ചെയ്യുന്ന സർക്കാർ നിലപാട് കീഴടങ്ങലിന്റേതാണ്. സർക്കാരിന്റെ കൂറ് ഭരണഘടനയോടോ അതല്ല ആർഎസ്എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാനായി മുൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് നിയമോപദേശം നൽകിയിരുന്ന വ്യക്തിയാണ് നിലവിൽ യുഡിഎഫ് സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ. അതിനാൽ സർവ്വകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ നിയമവഴിയിലുള്ള പോരാട്ടം ഈ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. കേരളത്തിലെ സർവ്വകലാശാലകളെ കൈപ്പിടിയിലൊതുക്കുക എന്നത് ഏതാനും വർഷങ്ങളായുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കണ്ണൂർ, കലിക്കറ്റ്, കേരള, കാലടി മുതലായ സർവ്വകലാശാലകളിൽ അത്തരം ശ്രമങ്ങളെ എൽഡിഎഫ് സർക്കാർ ചെറുത്തുതോൽപ്പിക്കുകയാണ് ചെയ്തത്. എന്നാൽ, ഭരണമാറ്റത്തിനു ശേഷം സർവ്വകലാശാലകളിലെ ആർഎസ്എസ് വർഗീയ അജണ്ടയ്‌ക്ക് കുടപിടിച്ചു കൊടുക്കുന്നവരായി യുഡിഎഫ് സർക്കാർ മാറിയിരിക്കുകയാണ്’– പിണറായിയുടെ കുറിപ്പില്‍‌ പറയുന്നു.

ENGLISH SUMMARY:

Kerala Higher Education Minister Roji M. John has strongly hit back at Opposition Leader Pinarayi Vijayan over allegations regarding the controversial Senate nominations at Mahatma Gandhi University. Dismissing the former Chief Minister's criticism as pure political hypocrisy, John stated that the UDF government remains fully committed to defending the secular and democratic autonomy of state universities. He reminded the opposition leader that the precedent of unprecedented gubernatorial interference and the inclusion of RSS-backed content in university syllabi actually originated during the previous LDF regime. Vijayan had earlier launched an aggressive Facebook broadside, accusing the incumbent administration of acting as a bystander while the Governor packed 19 RSS-leaning nominees into the 30-member MG University Senate. The CPI(M) veteran also attacked the government for failing to submit an alternative panel for the temporary Vice-Chancellor post, which allegedly allowed a BJP-backed CUSAT professor to take charge. Refuting these claims, Minister John asserted that the UDF relies heavily on constitutional mechanisms rather than dynamic street agitations to firmly resist any underlying saffronization agendas within the higher education sector.