സര്‍ക്കാര്‍ സ്കൂളിന്റെ പ്രധാന കവാടത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പേര് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കാസര്‍ഗോഡ് അംഗടിമൊഗര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവാദം. സ്കൂളിന്റെ കമാനത്തില്‍ ബാഡൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പേരാണ് പതിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ പ്രവേശിക്കുന്ന സ്കൂളിന്റെ പ്രധാന കവാടത്തില്‍ പാര്‍ട്ടിയുടെയും ലോക്കല്‍ കമ്മിറ്റിയുടെയും പേര് രേഖപ്പെടുത്തിയിരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ സ്കൂളുകളില്‍ രാഷ്ട്രീയ ചിഹ്നങ്ങളും പാര്‍ട്ടി പ്രചാരണവും പാടില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ വേദികളാക്കി മാറ്റുകയാണെന്നുമാണ് ആരോപണം.

പൊതുപ്രവര്‍ത്തകനായ കെ.എസ് അബ്ദുള്ളയുടെ സ്മരണാര്‍ത്ഥം ബാഡൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് കമാനം നിര്‍മിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. അതേസമയം, 20 വര്‍ഷം മുന്‍പ് സ്കൂളിന് ഗേറ്റ് നിര്‍മിച്ച് നല്‍കിയപ്പോഴും പാര്‍ട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നുവെന്നാണ് സിപിഎം വിശദീകരണം. 

ഇതിന്റെ പഴയ ചിത്രങ്ങളും നിലവിലുണ്ടെന്ന് നേതാക്കള്‍ പറയുന്നു. പി.ടി.എയുടെ തീരുമാനപ്രകാരമാണ് പഴയ കമാനം പുതുക്കിപ്പണിതതെന്നും, മുന്‍പ് ഉണ്ടായിരുന്ന പേര് വീണ്ടും രേഖപ്പെടുത്തിയതിനെ ഇപ്പോള്‍ വിവാദമാക്കേണ്ട സാഹചര്യമില്ലെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. വിവാദം ശക്തമായ സാഹചര്യത്തില്‍ കമാനത്തിലെ പാര്‍ട്ടിയുടെ പേരിന്റെ വലുപ്പം കുറച്ച് പഴയ രൂപത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് സിപിഎം നേതൃത്വത്തിന്‍റെ ആലോചന.

ENGLISH SUMMARY:

Angadimogaru school controversy highlights political interference in government educational institutions. The placement of a CPM local committee name on the main entrance of a school in Kasaragod has sparked debate and protests from the Congress party.