ഫയല്‍ ചിത്രം
ബജറ്റ് പണിപ്പുരയിലാണ് മുഖ്യമന്ത്രിയും ടീമും. 19-ാം തീയതി നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ് യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖയാകും. അതിനാല്‍ ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയും ടീമും ബജറ്റ് തയാറാക്കുന്നത്. ദൈനംദിന ജോലികള്‍ക്കിടയിലും മുഖ്യമന്ത്രി ഇപ്പോള്‍ ബജറ്റ് തയാറാക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ.രത്തന്‍ കേല്‍കര്‍, ഒ.എസ്.ഡി എന്‍.എസ്.കെ.ഉമേഷ് , ധനവകുപ്പ് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ടീമാണ് വി.ഡി.സതീശനൊപ്പമുള്ളത്.
നിര്‍ദേശ പെരുമഴ
നൂറുകണക്കിന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളുമാണ് ബജറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഒാഫീസില്‍ ലഭിക്കുന്നത്. ഇവ അടുക്കി, വിഷയം അനുസരിച്ച് മാറ്റി , പ്രധാന്യമുള്ളവയും പ്രത്യേകതയുള്ളവയും ആയി തരംതിരിക്കാന്‍ ഒരുകൂട്ടം ഉദ്യോഗസ്ഥരുണ്ട്. ഇവ മുഖ്യമന്ത്രി പരിശോധിച്ച് നോട്ടുകളെടുക്കും. കൂടാതെ മന്ത്രിമാര്‍ തുടങ്ങി വിദഗ്ധര്‍വരെയുള്ളവരുമായി പലവട്ടം നേരിട്ടും ഫോണിലും ആശയ വിനിമയം നടത്തുന്നുമുണ്ട്. വകുപ്പുകള്‍ തയാറാക്കി നല്‍കിയ നിര്‍ദേശങ്ങളാവും ബജറ്റിന്‍റെ അടിത്തറ. ഇന്ദിരാ ഗ്യാരന്‍റി, യുഡിഎഫ് പ്രകടന പത്രിക എന്നിവയാണ് ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കുക.
തിരക്കില്‍ നിന്ന് അകലെ
മുഖ്യമന്ത്രിയുടെ ഒാഫീസിലെ തിരക്ക് പരിഗണിച്ച ബജറ്റ് ടീം ഇപ്പോള്‍ നഗരത്തിന് പുറത്ത് താല്‍ക്കാലികമായി ഒരിടം കണ്ടെത്തിയിരിക്കുകയാണ്. അവിടെയാണ് ബജറ്റ് കരട് തയാറാക്കുന്നതും അത് ആവര്‍ത്തിച്ചുള്ള പരിശോധനയ്ക്കും തിരുത്തലിനും വിധേയമാക്കുന്നതും. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന ജോലി പാതിരാവോളം നീളും. പതിനൊന്നാം തീയതി മുഖ്യമന്ത്രി ഡല്‍ഹിയിലാണ്. നീതീ ആയോഗിന്‍റെ യോഗത്തില്‍പങ്കെടുക്കാന്‍. അതിന് ശേഷം 12 മുതല്‍ വീണ്ടും ബജറ്റ് എഴുത്തിലേക്ക് കടക്കും. 18 ന് പ്രസിലേക്കു നല്‍കുന്നതുവരെ ധന വകുപ്പിനും മുഖ്യമന്ത്രിക്കും വിശ്രമമില്ലാത്ത ദിനങ്ങളാണ്.