പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎമ്മും സിപിഐയും ഇടഞ്ഞ് നില്‍ക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ ബജറ്റ് നിയമസഭയില്‍ 19ന് അവതരിപ്പിക്കാനിരിക്കെ ഇരു പാര്‍ട്ടികളുടെയും തര്‍ക്കം പ്രതിപക്ഷ ഐക്യത്തെ ബാധിച്ചിട്ടുണ്ട്. പുതിയ എംഎല്‍എമാര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ചേരേണ്ട എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം എന്നു ചേരാനാവുമെന്ന ഒരു ധാരണയും ഇരുപാര്‍ട്ടികള്‍ക്കുമില്ല.
പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ സിപിഐയിലെ മുതിര്‍ന്ന എം.എല്‍.എമാരുമായി ആശയവിനിമയം നടത്തിയാണ് അടിയന്തിര പ്രമേയത്തിനുള്ള വിഷയം നിശ്ചയിക്കുന്നത്. ഇത് എത്രകാലം ഇങ്ങനെ പോകാനാവുമെന്ന് സംശയം ഇരുപാര്‍ട്ടി നേതൃത്വത്തിനുമുണ്ട്. എന്നാല്‍ വിട്ടുവീഴ്ചക്ക് ആരും തയ്യാറല്ല.
പ്രതിപക്ഷ ഉപനേതാവ് പദവിക്ക് വേണ്ടി സിപിഐ എന്തിനാണ് ഇത്ര പിടിവാശി കാണിക്കുന്നത് എന്ന ചോദ്യം മുന്നണയിലെ പലകക്ഷികള്‍ക്കുമുണ്ട്. സിപിഎം വഹിച്ചിരുന്ന പദവി പ്രത്യേക രാഷ്ട്രീയ കാരണമില്ലാതെ സിപിഐ ചോദിച്ചതാണ് ഘടക്ഷികളുടെ സംശയങ്ങള്‍ക്ക് കാരണം. എല്ലാക്കാലവും സിപിഎം തന്നെ ഉപനേതാവ് പദവി കയ്യില്‍ വെയ്ക്കാന്‍ പറ്റുമോ എന്നതാണ് സിപിഐയുടെ ചോദ്യം .
സിപിഎമ്മിനോട് പരസ്പരം സംസാരിക്കുന്നതിന് മുന്‍പ് പദവി വേണമെന്ന ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി പരസ്യമായി ഉന്നയിച്ചത് ഉചിതമായോ എന്ന ചോദ്യം സിപിഐയ്ക്കുള്ളില്‍ പോലുമുണ്ട്. എന്നാല്‍ പിടിവാശി സിപിഐ കാണിക്കുന്നതിന് കാരണമുണ്ടെന്നാണ് സിപിഐ നേതൃത്വം സൂചിപ്പിക്കുന്നത്.
ഉപനേതാവ് പദവിയുടെ ചര്‍ച്ചകളില്‍ സിപിഎം സിപിഐയെ കബളിപ്പിക്കുകയായിരുന്നു. പദവി വേണമെന്ന ആവശ്യം സിപിഐ സംസ്ഥാന സെക്രട്ടറി ആദ്യമായി ആവശ്യപ്പെട്ടത് മാധ്യമങ്ങളിലൂടെ ആയിരുന്നില്ല, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ആയിരുന്നു.
ഇക്കാര്യം പരസ്പരമുള്ള ചര്‍ച്ചയില്‍ സംസാരിക്കാമെന്നും എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കേണ്ട എന്നുമായിരുന്നു സിപിഎം സെക്രട്ടറി നല്‍കിയ മറുപടി. ഇതിനെ തുടര്‍ന്നാണ് ആവശ്യം എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ഉന്നയിക്കാതിരുന്നത്. മുന്നണി യോഗത്തില്‍ ആവശ്യം ഉന്നയിക്കപ്പെടാതിരിക്കാന്‍ തന്ത്രപൂര്‍വം സിപിഐയെ പറ്റിച്ചു.
ഇതു മനസിലാക്കിയതോടെയാണ് ആവശ്യം സിപിഐ പരസ്യമായി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കീഴ്‌വഴക്കം ഉന്നയിച്ച് സിപിഎം രംഗത്തെത്തിയത്. നിയമസഭാ സമ്മേളനം പുനരാരംഭിക്കാനിരിക്കെ ഒപ്പം നന്ന് കബളിപ്പിക്കുന്ന സിപിഎമ്മിനോട് എന്ത് സമീപനം സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും.