cbse

വ്യാപകമായ സാങ്കേതിക പാളിച്ചകളും ഡേറ്റ ചോർച്ചാ ഭീഷണിയും ഉയർന്നിട്ടും സി.ബി.എസ്.ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ ചുമതലയിൽ നിന്ന് വിവാദ കമ്പനിയായ കോഎംപ്റ്റിനെ (Coempt) മാറ്റില്ലെന്ന് തീരുമാനം. പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്യുന്നതിനും മൂല്യനിർണ്ണയത്തിനുമായി പുനർമൂല്യനിർണ്ണയ ഘട്ടത്തിലും ഈ കമ്പനിയുടെ പ്ലാറ്റ്‌ഫോം തന്നെയാകും ഉപയോഗിക്കുക. അതേസമയം, ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഡേറ്റ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സി.ബി.എസ്.ഇ വിശദീകരിച്ചു.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഒ.എസ്.എം (On-Screen Marking - ഓൺലൈൻ മൂല്യനിർണ്ണയ) സംവിധാനത്തിന് സാങ്കേതിക സഹായം നൽകിയത് കോഎംപ്റ്റ് കമ്പനിയായിരുന്നു. എന്നാൽ തുടക്കം മുതൽ വലിയ വീഴ്ചകളാണ് ഈ സംവിധാനത്തിൽ കണ്ടെത്തിയത്. പരീക്ഷാ പേപ്പറുകൾ സ്കാൻ ചെയ്യുന്നത് മുതൽ മാർക്കിങ് രേഖപ്പെടുത്തുന്നതിൽ വരെ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചു.

മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയാണ് കോഎംപ്റ്റ് എന്ന തരത്തിലുള്ള കടുത്ത ആരോപണങ്ങൾ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ഇതിനോടകം ഉയർത്തിയിട്ടുണ്ട്. നാഗ്പൂർ സർവകലാശാലയിലും തെലങ്കാനയിലും കോഎംപ്റ്റ് ഏറ്റെടുത്ത് നടത്തിയ പ്രോജക്ടുകളിൽ സമാനമായ രീതിയിൽ വലിയ ക്രമക്കേടുകളും പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലങ്ങൾ നിലനിൽക്കെയാണ് സി.ബി.എസ്.ഇ വീണ്ടും വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന പുനർമൂല്യനിർണ്ണയ ചുമതലയും ഇതേ കമ്പനിയുടെ പ്ലാറ്റ്‌ഫോമിനെത്തന്നെ ഏൽപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

CBSE Class 12 re-evaluation controversy involves the company Coempt, which is facing allegations of widespread technical glitches and data breach threats. Despite these concerns, CBSE has decided to continue using Coempt's platform for scanning and evaluating exam papers, citing strict measures to prevent data leaks.