നേതാക്കളുടെ ധാർഷ്ട്യവും പെരുമാറ്റ രീതിയും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്ന വിമർശനം അംഗീകരിക്കാൻ സി.പി.എം നേതൃത്വം വൈമനസ്യം കാണിക്കുമ്പോഴാണ്, ഇതേ വികാരം പങ്കുവെച്ച് ഒരു മുതിർന്ന സഖാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തകർക്കിടയിൽ ഇന്നും ആവേശം നിറയ്ക്കുന്ന മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണ് നേതൃത്വത്തിന്റെ സമീപനത്തിനെതിരെ പരസ്യമായി രംഗത്തുവന്നത്.
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടിയിൽ സംസ്ഥാനത്ത് പ്രധാന ചുമതല വഹിക്കുന്ന ഒരു പി.ബി അംഗം തങ്ങളുടെ കുടുംബത്തെ ഗൗനിച്ചില്ലെന്നും വിവരങ്ങൾ അന്വേഷിച്ചില്ലെന്നും ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദിനി വിമർശിച്ചു. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന ആ പി.ബി അംഗം ഫോണെടുക്കാറില്ലെന്നും, നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നുമാണ് വിനോദിനി ബാലകൃഷ്ണൻ ഉന്നയിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണോ ആരോപണ നിഴലിലുള്ള ആ പി.ബി അംഗമെന്ന ചോദ്യമാണ് വാർത്ത പുറത്തുവന്നപ്പോൾ ആദ്യം ഉയർന്നത്. എന്നാൽ അത് പിണറായി വിജയനല്ലെന്ന് വിനോദിനി ബാലകൃഷ്ണൻ വ്യക്തമാക്കുന്നുണ്ട്. 'വിജയേട്ടൻ ഏതു സമയത്തു വിളിച്ചാലും ഫോൺ എടുക്കും; ഫോൺ എടുക്കാൻ സാധിച്ചില്ലെങ്കിൽ തിരികെ വിളിക്കും' എന്നാണ് വിനോദിനി പറഞ്ഞത്.
കേരളത്തിൽ നിന്നുള്ള പി.ബി അംഗങ്ങളിൽ പിണറായി വിജയനെ ഒഴിവാക്കിയാൽ പിന്നെ എം.എ ബേബി, എ. വിജയരാഘവൻ, എം.വി ഗോവിന്ദൻ എന്നിവരാണുള്ളത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.എ ബേബി കേരളത്തിലെ പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം വഹിക്കാത്തതിനാല്‍ അത് ബേബിയല്ലെന്ന് വ്യക്തമായി. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചിട്ടുള്ള എ വിജയരാഘവനും കാര്യമായി റോള്‍ കേരളത്തിലെ ദൈന്യദിന പ്രവര്‍ത്തനങ്ങളില്ല. അതിനാല്‍ വിരൽ ചൂണ്ടപ്പെടുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരെയാണ്. കോടിയേരിയുടെ ചരമദിനത്തിൽ പാർട്ടി നിശ്ചയിക്കുന്ന പരിപാടിയുടെ ഭാഗമായി വീട്ടിലെത്തുന്നതല്ലാതെ കുടുംബത്തിന്റെ കാര്യങ്ങൾ തിരക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നാണ് വിനോദിനി പരോക്ഷമായി പറഞ്ഞുവെക്കുന്നത്.
പേര് പറയാതെയാണെങ്കിലും ഉന്നതനായ സി.പി.എം നേതാവിനെതിരെ വിനോദിനി ബാലകൃഷ്ണൻ പ്രതികരിച്ചത് കൃത്യമായ ആലോചനയോടെയാണ്. കോടിയേരിയുടെ വിയോഗത്തിന് ശേഷവും എന്നും ജാഗ്രതയോടെയാണ് കുടുംബം പ്രതികരണങ്ങൾ നടത്തിയിട്ടുള്ളത്. കോടിയേരിയുടെ ഭൗതിക ശരീരം എ.കെ.ജി സെന്ററിൽ പൊതുദർശനത്തിന് വെക്കണമെന്ന ആഗ്രഹം നടക്കാതെ പോയിട്ടും വിനോദിനിയോ മക്കളോ അന്ന് നേതൃത്വത്തിനെതിരെ പ്രതികരിച്ചിരുന്നില്ല.
എന്നാൽ ഒടുവിൽ വിനോദിനി പ്രതികരിക്കാൻ കാരണം തളിപ്പറമ്പിലെ പാർട്ടി തർക്കങ്ങളുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. പാർട്ടി വിട്ട് തളിപ്പറമ്പിൽ പി.കെ ശ്യാമളയെ തോൽപ്പിച്ച ടി.കെ ഗോവിന്ദൻ, കോടിയേരിയുടെ വീട് സന്ദർശിക്കാനും പുഷ്പാർച്ചന നടത്താനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് പാർട്ടിക്ക് ക്ഷീണമാകുമോ എന്ന സംശയത്താൽ നിലപാട് അറിയാൻ വിനോദിനി അഞ്ച് തവണയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയെ ഫോണിൽ വിളിച്ചത്. എന്നാൽ അദ്ദേഹം തിരികെ വിളിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ സ്റ്റാഫിനെ രാത്രിയിൽ ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് അറിയിച്ചിട്ടും അനുകൂല പ്രതികരണമുണ്ടായില്ല.
ഒടുവിൽ പാർട്ടി നേതൃത്വത്തെ വിളിക്കാനുള്ള ശ്രമം ഉപേക്ഷിച്ച കുടുംബം, വീട്ടിലേക്ക് വരാൻ താല്പര്യം അറിയിച്ച ടി. കെ. ഗോവിന്ദനെ സന്ദർശനത്തിനായി സ്വാഗതം ചെയ്യുകയായിരുന്നുവെന്നാണ് തലശ്ശേരിയിലെ പാർട്ടി സഖാക്കൾ സൂചിപ്പിക്കുന്നത്. ഇതാണ് പാർട്ടി നേതൃത്വം തങ്ങളെ അവഗണിക്കുന്നുവെന്ന വികാരം തുറന്നുപറയാൻ വിനോദിനിയെ പ്രേരിപ്പിച്ച കാരണമെന്നാണ് വിവരം.
ബിനീഷ് കോടിയേരിയുടെ റദ്ദാക്കപ്പെട്ട പാർട്ടി അംഗത്വം തിരിച്ചുനൽകാൻ എം.വി ഗോവിന്ദൻ വിസമ്മതിച്ചതായും സൂചനകളുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നാല് തവണ അഭ്യർത്ഥിച്ചിട്ടും അംഗത്വം നൽകാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ഒടുവിൽ ഈ വിഷയം വാർത്തയായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതെന്നും അദ്ദേഹത്തിന്റെ കർശന നിർദേശത്തെ തുടർന്നാണ് ബിനീഷ് കോടിയേരി പാർട്ടിയിലേക്ക് തിരികെ എത്തിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.